മഹേഷ് ഭട്ട് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം സഡക് 2ന് മോശമായ പ്രതികരണം. ആലിയ ഭട്ടും മഹേഷ് ഭട്ടും ആദിത്യ റോയ് കപൂറും അഭിനയിച്ച ചിത്രമായിട്ടുപോലും ഏറ്റവും നിലവാരം കുറഞ്ഞു പോയി എന്ന രീതിയിലാണ് നിരൂപണങ്ങള്‍. സന്ദര്‍ശകരുടെ റേറ്റിങ്ങുകള്‍ നിര്‍ണയിക്കുന്ന ഐഎംഡിബിയുടെ വോട്ടിങ് ലിസ്റ്റിലാണ് ചിത്രത്തെ കുറിച്ചുള്ള വിലയിരുത്തലുള്ളത്. ചിത്രത്തിന് 1.1 റേറ്റിങ് നിശ്ചയിച്ച് 9,821 പേരാണ് ഐഎംഡിബിയില്‍ വന്നിട്ടുള്ളത്. ഇതോടെ ഐഎംഡിബിയിലെ ഏറ്റവും റേറ്റിങ് കുറഞ്ഞ ചത്രമായി ഇത് മാറി.

വെള്ളിയാഴ്ച രാത്രിയാണ് സഡക് 2 പ്രദര്‍ശനത്തിനെത്തിയത്. രാത്രി 7.30ന് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി+ഹോട്ട്‌സ്റ്ററിലായിരുന്നു പ്രദര്‍ശനം. തുടര്‍ന്ന് വലിയ തോതിലുള്ള നെഗറ്റിവ് അവലോകനങ്ങള്‍ക്ക് ചിത്രം വഴി തുറന്നു.

അതേസമയം സഡക് 2ന്റെ ട്രെയിലര്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ട്രെന്റിങ്ങായ വീഡിയോയി ഇപ്പോഴും നിലനില്‍ക്കുന്നു. എഴുപത് ദശലക്ഷത്തിലധികം കാഴ്ചക്കാരും പത്തുലക്ഷം കമന്റുകളുമാണ്് വിഡിയോക്ക് പ്രതികരണമായി വന്നിട്ടുള്ളത്. എന്നാല്‍ ഇതില്‍ 12 ദശലക്ഷവും ഡിസ്ലൈക്കുകളാണ്. നെഗറ്റിവ് കമന്റുകളും നിരവധിയുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നിലനിന്ന ജസ്റ്റിന്‍ ബീബറിന്റെ ബേബിക്കു കിട്ടിയ ഡിസ്ലൈക്കുകളുടെ എണ്ണത്തെയാണ് (11.63 ദശലക്ഷം) സഡക് 2 മറികടന്നത്.