X

നിങ്ങളാണ് കരുത്ത്; മുസ്‌ലിം ലീഗ് അംഗത്വ കാമ്പയിന് നന്ദി അറിയിച്ച് സാദിഖലി തങ്ങള്‍

മുസ്‌ലിം ലീഗ് അംഗത്വ കാമ്പയിന് നന്ദി അറിയിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ‘ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്നിന് ആരംഭിച്ച ‘മുസ്ലിംലീഗ് അംഗത്വ കാമ്പയിന്‍ ഇന്ന് പൂര്‍ത്തിയാവുകയാണ്. കാമ്പയിന്‍ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. കാമ്പയിന് സഹകരിച്ച പ്രവര്‍ത്തകര്‍ക്കെല്ലാം തങ്ങള്‍ നന്ദി അറിയച്ചു.

വര്‍ത്തമാന ഇന്ത്യയില്‍ മുസ്ലിംലീഗിന്റെ പ്രാധാന്യവും പ്രസക്തിയും കൂടുതല്‍ തിരിച്ചറിയപ്പെടുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. ഒട്ടേറെ പ്രതിബന്ധങ്ങളും പ്രയാസങ്ങളും നിറഞ്ഞ കാലത്താണ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് ഈ ഹരിത പതാക നമുക്ക് കൈമാറിത്തന്നത്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുന്നതിനും സാമുദായിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ അഭിമാനകരമായ അസ്തിത്വം ഉറപ്പാക്കുന്നതിനും വേണ്ടി നാം ഈ സംഘശക്തിയെ ഉപയോഗിച്ചു. പുതിയ കാലവും വെല്ലുവിളികളില്‍നിന്ന് മുക്തമല്ല. ഏത് വെല്ലുവിളിയെയും നേരിടാനുള്ള ഉള്‍ക്കരുത്ത് നമ്മുടെ ആദര്‍ശത്തിനുണ്ട്. ആദര്‍ശത്തിന്റെ കരുത്തും നേതൃത്വത്തിന്റെ ഇച്ഛാശക്തിയുമാണ് എഴുപത്തഞ്ചാണ്ടുകള്‍ പോറലേല്‍ക്കാതെ ഈ സംഘടന നിലനില്‍ക്കാനുള്ള കാരണം. തങ്ങള്‍ പറഞ്ഞു. മതേതര ഇന്ത്യയുടെ ബഹുസ്വരതയെയും വൈവിധ്യങ്ങളെയും തകര്‍ക്കാനുള്ള അജണ്ടകള്‍ക്ക് മൂര്‍ച്ച കൂടുന്ന കാലത്ത് മുസ്ലിംലീഗിന് പ്രസക്തി ഏറി വരികയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ്ഥാനത്തില്‍ അംഗത്വമെടുക്കുകയും അംഗത്വം പുതുക്കുകയും ചെയ്ത എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. അംഗത്വ കാമ്പയിന്‍ വിജയിപ്പിക്കാന്‍ അഹോരാത്രം അധ്വാനിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ചു. നിങ്ങള്‍ ഓരോരുത്തരുമാണ് സംഘടനയുടെ കരുത്തെന്നും തങ്ങള്‍ പറഞ്ഞു.

web desk 3: