X

സാദിഖലി തങ്ങള്‍ നയിക്കുന്ന മുസ്‌ലിംലീഗ് ജില്ലാ സംഗമങ്ങള്‍ നാളെ മുതല്‍

കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാ സംഗമങ്ങള്‍ നാളെ തുടങ്ങും. കാസര്‍ക്കോട് ജില്ലയിലാണ് സംസ്ഥാന തല ഉദ്ഘാടനം. സുഹൃദ് സദസ്സ്, ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തുടങ്ങിയ പരിപാടികളോടെയാണ് 14 ജില്ലകളിലും സംഗമങ്ങള്‍ നടക്കുന്നത്. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉച്ചക്ക് ശേഷം 3 മണിക്കാണ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍. രാവിലെ സമൂഹത്തിലെ വ്യത്യസ്ത തുറകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി സുഹൃദ് സംഗമവും ഒരുക്കിയിട്ടുണ്ട്.

സുഹൃദ് സംഗമങ്ങളില്‍ മത, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി സാദിഖലി തങ്ങള്‍ ആശയവിനിമയം നടത്തും. കേരളത്തിന്റെ മത സാഹോദര്യ പൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മില്‍ വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഹൃദ് സംഗമങ്ങള്‍. രാജ്യത്തും സംസ്ഥാനത്തും വളര്‍ന്നു വരുന്ന വര്‍ഗീയ ചിന്താഗതികള്‍ക്കെതിരായ പ്രചാരണവും സംഗമങ്ങളുടെ ലക്ഷ്യമാണ്.ഉച്ചക്ക് ശേഷം നടക്കുന്ന പ്രവര്‍ത്തക സംഗമങ്ങളില്‍ ജില്ലയിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ സംബന്ധിക്കും. മുസ്‌ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും. ജൂണ്‍ മൂന്നിന് വെള്ളിയാഴ്ച കണ്ണൂര്‍ ജില്ലയിലാണ് സംഗമം.

Chandrika Web: