തൃശൂര്‍: ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രത്തിലെത്തുന്ന ഭക്തലക്ഷങ്ങളുടെ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കുക. സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമവും അനുവദിക്കില്ല. മകരവിളക്ക് സുഗമമായി നടക്കുമെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുള്ളതിനാലാണ് കോടതിവിധി നടപ്പാക്കുമെന്നും അതിനാവാശ്യമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞത്. എന്നാല്‍ സര്‍ക്കാറിന്റെ പ്രഥമ പരിഗണന ഭക്തരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതാണെന്നും മന്ത്രി പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്നത് നാടകമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് ദേവസ്വം മന്ത്രിയുടെ നിലപാട്. മലയകയറാന്‍ ആഗ്രഹിക്കുന്ന ഏത് സ്ത്രീക്കും സര്‍ക്കാര്‍ അതിന് അവസരമൊരുക്കുമെന്ന് വീരവാദം പറയുമ്പോള്‍ തന്നെ മലകയറാന്‍ വരുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് ആസൂത്രിതമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന.