കണ്ണൂര്‍: പ്രവാസി വ്യവസായി പാറയില്‍ സാജന്റെ ആത്മഹത്യയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവരെ രക്ഷപ്പെടുത്തി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇവര്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രജിസ്ട്രര്‍ ചെയ്ത കേസില്‍ സി.ഐ എം.കൃഷ്ണന്‍ തളിപ്പറമ്പ് സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് മുന്‍പാകെ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

അതേസമയം പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സിപിഎം എഴുതി നല്‍കിയ റിപ്പോര്‍ട്ടാണിതെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം കേസ് പുനരന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019 ജൂണ്‍ 18നാണ് പ്രവാസി വ്യവസായി സാജന്‍ ആന്തൂരിലെ സ്വന്തം വീടിനുളളില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളക്കതിരെ സാജന്റെ കുടുംബം രംഗത്തെത്തിയിരുന്നു.