X
    Categories: CultureNewsViews

സകരിയ ഉമ്മയെ കണ്ടു നിറകണ്ണുകള്‍ ബാക്കിയായി

പരപ്പനങ്ങാടി: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് വിചാരണ തടവുകാരനായി പത്ത് വര്‍ഷമായി കര്‍ണാടക ജയിലില്‍ കഴിയുന്ന വാണിയംപറമ്പത്ത് കൊല്ലത്ത് കോണിയത്ത് സക്കരിയക്ക് 970 കി.മി ദൂരം താണ്ടി പരപ്പനങ്ങാടിയിലെത്തിയിട്ടും രോഗശയ്യയില്‍ കഴിയുന്ന മാതാവ് ബിയ്യുമ്മക്കൊപ്പം ചെലവഴിക്കാന്‍ ലഭിച്ചത് മണിക്കൂറുകള്‍ മാത്രം. കേവലം ഒരുദിവസത്തേക്കാണ് കോടതി സകരിയക്ക് പരോള്‍ അനുവദിച്ചിരുന്നത്. അതുതന്നെ സ്വന്തം ചെലവില്‍. അസുഖ ബാധിതയായ മാതാവിനെ കാണുന്നതിന് പലതവണ കോടതിയില്‍ പരോള്‍ അപേക്ഷ നല്‍കിയെങ്കിലും അനുകൂല ഉത്തരവുണ്ടായിരുന്നില്ല. രോഗം കൂടിയതിനെ തുടന്ന് വീണ്ടും നല്‍കിയ ഹരജിയിലാണ് ഞായറാഴ്ച ഒരുദിവസത്തേക്ക് പരോള്‍ അനുവദിച്ചത്. പരപ്പനങ്ങാടിയിലേക്കും തിരിച്ച് കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലിലേക്കും റോഡ് മാര്‍ഗമുള്ള യാത്രക്കുള്ള സമയം കഴിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഉമ്മക്കൊപ്പം ചെലവഴിക്കാന്‍ ലഭിച്ചത്. ഇതിനു ചെലവിട്ടതാകട്ടെ ലക്ഷത്തോളം രൂപയും.
യാത്രാചെലവിനൊപ്പം സുരക്ഷാ ചെലവും വഹിക്കണമെന്നതടക്കം കര്‍ശന നിബന്ധനകളോടെയായിരുന്നു പരോള്‍. അറുപതു രൂപയാണ് കിലോമീറ്ററിന് വാഹന വാടക. കര്‍ണാടകത്തിലെ ഏഴു സുരക്ഷാ ഭടന്മാരും കേരളാ പൊലീസും അകമ്പടിയായുണ്ടായിരുന്നു. രാത്രി എട്ടരയോടെയാണ് സക്കരിയ നിറ കണ്ണുകളോടെ പ്രിയ മാതാവിനോടും ബന്ധുക്കളോടും യാത്രപറഞ്ഞു പുറത്തിറങ്ങി. വീട്ടുപടിക്കല്‍ കാത്തുനിന്ന തോക്കുധാരികളായ സുരക്ഷാ ഭാടന്മാര്‍ക്കൊപ്പം വാഹനത്തില്‍ കയറി തിരിഞ്ഞു നോക്കാതെയാണ് സക്കറിയ മടങ്ങിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: