കൊച്ചി: ഗൂണ്ടാകേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഎം ജില്ലാകമ്മിറ്റി അംഗം സക്കീര്‍ ഹുസൈനെ കളമശ്ശേരി ഏരിയാകമ്മിറ്റി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതായി ജില്ലാ സെക്രട്ടറി പി രാജീവ് എംപി അറിയിച്ചു. സക്കീറിനെതിരായ പരാതിയില്‍ സമഗ്ര അന്വേഷണം നടത്താന്‍ ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെട്ടു. പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാജീവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് സക്കീര്‍ ഹുസൈന്‍. കേസില്‍ സക്കീര്‍ ഹുസൈന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സക്കീര്‍ ഹുസൈനെ മാറ്റാന്‍ തീരുമാനിച്ചത്.