X

ഇംഗ്ലണ്ടില്‍ കിങ് സലാഹ് കിരീടമണിഞ്ഞു

ലണ്ടന്‍: ഇംഗ്ലണ്ടിലെ മികച്ചതാരമായി ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് തെരഞ്ഞെടുത്തു. ലീവര്‍പൂളിനായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് സലാഹിനെ പി.എഫ്.എ പ്ലെയര്‍ ഓഫ് ദ സീസണ്‍ പുരസ്‌കാര ജേതാവാക്കിയത്. വോട്ടെടുപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂണെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു ഡി ബ്രൂണെ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജര്‍മന്‍ താരം ലിയോറി സാനെ മികച്ച യുവതാരമായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാത്രി ലണ്ടന്‍ നടന്ന പരിപാടിയിലാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഈജിപ്ത് താരം കൂടിയാണ് സലാഹ്.

 

മികച്ച കളിക്കാരാനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. പ്രതേകിച്ചും പ്രീമിയര്‍ ലീഗിലെ കളിക്കാരുടെ വോട്ടു കൊണ്ടാണ് ഇതിനു അര്‍ഹനായത് എന്നു ഓര്‍ക്കുമ്പോള്‍ കൂടുതല്‍ അഭിമാനം തോന്നുന്നു. ചെല്‍സിയില്‍ എനിക്ക് മതിയായ അവസരം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ട് തിരിച്ചു വരണമെന്നും എനിക്ക് കളിക്കളത്തില്‍ എന്തു ചെയ്യാനാകുമെന്ന്
എല്ലാവരേയും ബോധ്യപ്പെടുത്തണം എന്നുണ്ടായിരുന്നു. റോമയില്‍ നിന്നും ഞാന്‍ തിരിച്ചെത്തിയത് എന്നിലെ കളിക്കാരന്‍ മാറിയിട്ടാണ്. സലാഹ് അവര്‍ഡ് സ്വീകരിച്ച
ശേഷം പ്രതികരിച്ചു.

സീസണിന്റെ തുടക്കത്തില്‍ ഇറ്റാലിയന്‍ ക്ലബ് എ.എസ് റോമയില്‍ നിന്നും ലിവര്‍പൂളിന്റെ സലാഹിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രീമിയര്‍ ലീഗില്‍ 33 മത്സരങ്ങള്‍ നിന്നായി ഒമ്പത് അസിസ്റ്റടക്കം 31 ഗോളുകളാണ് സലാഹ് അടിച്ചു കൂട്ടിയത്. മുന്‍ ചെല്‍സി താരം കൂടിയായ സലാഹ് ലീപര്‍പൂള്‍ ജെഴ്‌സിയില്‍ ആദ്യ സീസണില്‍ തന്നെ പല റെക്കോര്‍ഡുകളും തന്റെ പേരിലാക്കി. ലീഗില്‍ ശേഷിക്കുന്ന  മൂന്നു മത്സരങ്ങളില്‍ ഒരു ഗോള്‍ കൂടി നേടാനായാല്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സലാഹിന് ഒറ്റയ്ക്ക് സ്വന്തമാക്കാം.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ തന്നെ ഡേവിഡ് സില്‍വ, ലിറോറി സാനെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ, ടോട്ടനത്തിന്റെ ഹാരി കെയിന്‍ എന്നിവരായിരുന്നു അവസാന പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവര്‍. 2013-14 സീസണില്‍ ഉറുഗ്വെയ്ന്‍ താരം ലൂയിസ് സുവാരസ് സ്വന്തമാക്കിയ ശേഷം ലിവര്‍പൂളില്‍ നിന്ന് ഇംഗ്ലണ്ടിലെ മികച്ച ഫുട്‌ബോളറാകുന്ന ആദ്യതാരമാണ് സലാഹ്.

chandrika: