X

സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്: മുലായത്തെ അധ്യക്ഷനാക്കി ശിവ്പാലിന്റെ പുതിയ പാര്‍ട്ടി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പിളരുന്നുവെന്ന സൂചന നല്‍കി മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ്. കുടുംബവഴക്ക് പുതിയ തലത്തിലെത്തിയതോടെ മുലായം സിങിനെ അധ്യക്ഷനാക്കി ശിവ്പാല്‍ യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ചു.
സാമാജ്‌വാദി സെക്യുലര്‍ മോര്‍ച്ച എന്നാണ് പാര്‍ട്ടിയുടെ പേര്. ജന്മനാടായ ഇറ്റാവയില്‍ മുലായം സിങ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ശിവ്പാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് വ്യക്തമാക്കിയത്. പിതാവായ മുലായത്തിന് നേതൃത്വം കൈമാറണമെന്ന് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന്് ശിവ്പാല്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പുതിയ കരുനീക്കങ്ങള്‍.
എന്നാല്‍ സഹോദരന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് മുലായം സിങ് പ്രതികരിച്ചില്ല. മുലായത്തിന് പാര്‍ട്ടിയുടെ നിയന്ത്രണം കൈമാറിയില്ലെങ്കില്‍ പുതിയ മതേതര മുന്നണി രൂപീകരിക്കുമെന്ന് കഴിഞ്ഞദിവസം ശിവ്പാല്‍ വ്യക്തമാക്കിയിരുന്നു. അഖിലേഷ്- മുലായം പോരിന് കാരണക്കാരന്‍ ശിവ്പാല്‍ യാദവാണെന്നിരിക്കെ പുതിയ പാര്‍ട്ടി പ്രഖ്യാപനവും ശിവ്പാലിന്റെ താല്‍പര്യ പ്രകാരമാണെന്നാണ് സൂചന. ജനുവരിയില്‍ പിളര്‍പ്പിലേക്കെത്തിയ സമാജ്വാദി പാര്‍ട്ടി മാര്‍ച്ചിലെ നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ലക്നോവില്‍ അസാധാരണ പാര്‍ട്ടി യോഗം വിളിച്ച് സ്വയം അധ്യക്ഷനായി അഖിലേഷ് പ്രഖ്യാപിച്ചതോടെയായിരുന്നു പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായത്. പാര്‍ട്ടിക്കും ചിഹ്നത്തിനും വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ ഇരു വിഭാഗവും സമീപിക്കുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ അഖിലേഷിന്റെ പിടിയിലൊതുങ്ങിയതോടെ മെരുങ്ങാന്‍ മുലായം നിര്‍ബന്ധിതനായി.
വേറെ പാര്‍ട്ടി വേണ്ടെന്ന് തീരുമാനിച്ച് മകനൊപ്പം മുലായം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങി. പിന്നാലെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ അഖിലേഷിന്റെ തീരുമാനത്തിനെതിരെ മുലായം കലഹിച്ചു. പക്ഷേ അവിടെയും 77 കാരനായ മുലായം മകന് വഴങ്ങി. തെരഞ്ഞെടുപ്പില്‍ എസ്.പിക്ക് വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് മുലായത്തെ മുന്നില്‍ നിര്‍ത്തി ശിവ്പാല്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

chandrika: