X

വീരഗാഥ ആവര്‍ത്തിക്കാന്‍ സമുറായിസ്

അല്‍ ജനൂബ് സ്റ്റേഡിയത്തിലേക്ക് ഇന്ന് ഖത്തറിലെ ജപ്പാനികള്‍ ഒഴുകിയെത്തും. ആറായിരത്തോളം പേരാണ് ടോക്കിയോവില്‍ നിന്നും കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്. സ്വന്തം ടീം ക്വാര്‍ട്ടറിലെത്തുന്നത് കാണാനുള്ള വലിയ മോഹവുമായി എത്തിയവര്‍ക്കൊപ്പം എണ്ണത്തില്‍ കരുത്തില്ലാത്ത ക്രോട്ടുകാരുമുണ്ടാവും. കടലാസില്‍ കരുത്ത് ലുക്കാ മോഡ്രിച്ചിന്റെ സംഘത്തിനാണ്. നിലവിലെ ലോക റണ്ണറപ്പ്. ഖത്തറില്‍ തോല്‍വിയറിയാത്തവര്‍. ആധികാരിക യൂറോപ്യന്‍ ഫുട്ബോളിന്റെ വക്താക്കള്‍. പക്ഷേ ജപ്പാനെ നോക്കുക- ഖത്തറിലെത്തിയതിന് ശേഷം അവര്‍ നടത്തിയ ഫുട്ബോള്‍ മാജിക്കില്‍ തോറ്റവര്‍ ചില്ലറക്കാരല്ല. കപ്പ് മോഹിച്ചെത്തിയ സ്പെയിനും നാല് തവണ ലോകപ്പട്ടം നേടിയ ജര്‍മനിയും. വെറുതെയായിരുന്നില്ല ആ വിജയങ്ങള്‍. ജര്‍മനിയെ ആധികാരികമായി തന്നെയാണ് തോല്‍പ്പിച്ചത്.
രണ്ടാം പകുതിയിലെ അതിവേഗ ഫുട്ബോളില്‍ അവര്‍ വിസ്മയമായി മാറി. സ്പെയിനിനെതിരെ വിജയം നിര്‍ബന്ധമായിരുന്നു. ഒരേ സമയത്ത് കോസ്റ്റാറിക്കയും ജര്‍മനിയും കളിക്കുമ്പോള്‍ സമ്മര്‍ദ്ദം അതിന്റെ അത്യുന്നതിയിലായിരുന്നു. അവസാനം കാളപ്പോരിന്റെ നാട്ടുകാരെ തോല്‍പ്പിച്ച് നിര്‍ണായക മൂന്ന് പോയിന്റ് മാത്രമല്ല ജപ്പാന്‍ സ്വന്തമാക്കിയത്-ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവും. ജര്‍മനിയും സ്പെയിനും കളിച്ച ഇ- ഗ്രൂപ്പില്‍ നിന്ന് ഈ രണ്ട് യൂറോപ്യന്‍ ശക്തികള്‍ യോഗ്യത നേടുമെന്നാണ് കരുതപ്പെട്ടത്. പക്ഷേ ജര്‍മനി നാട്ടിലെത്തിക്കഴിഞ്ഞു. ജപ്പാനെ തോല്‍പ്പിച്ച കോസ്റ്റാറിക്കക്കാരും മടങ്ങിയിരിക്കുന്നു.

എന്തായിരിക്കും ഇന്ന് ജപ്പാന്റെ പ്ലാന്‍…? അവരുടെ കോച്ച് തന്നെ പറയുന്നു- ആക്രമണം. ജര്‍മനിയെയും സ്പെയിനിനെയും പരാജയപ്പെടുത്തിയത് ആക്രമണ സോക്കറിലാണ്. ഇന്ന് നോക്കൗട്ടാണ്. ജയം മാത്രമാണ് വേണ്ടത്. തുടക്കം മുതല്‍ ആക്രമിക്കുക എന്നതാണ് പ്ലാന്‍. ആകാരത്തിലും പരിചയസമ്പത്തിലും ക്രോട്ടുകാരായിരിക്കാം മുന്നില്‍. പക്ഷേ വേഗതയില്‍ ജപ്പാനെ പിറകിലാക്കാന്‍ യൂറോപ്യന്മാര്‍ക്കാവില്ല. ക്രോട്ട് നായകന്‍ ലുക്കാ മോഡ്രിച്ച് ഇക്കാര്യം സമ്മതിക്കുന്നു. ഇത് ലോകകപ്പാണ്. കാര്യങ്ങള്‍ എളുപ്പമാണെന്ന് കരുതുന്നില്ല. എല്ലാവരുടെയും വലിയ ലക്ഷ്യം ലോകകപ്പില്‍ മുത്തമിടുക എന്നത് തന്നെയാണ്. അതിനാല്‍ ജപ്പാന്‍ അവസാന ഇഞ്ചും പൊരുതുമെന്നറിയാം-റയല്‍ മാഡ്രിഡിന്റെ മധ്യനിരക്കാരന്‍ പറഞ്ഞു. ബെല്‍ജിയം പുറത്തായ ഗ്രൂപ്പില്‍ നിന്നും മൊറോക്കോക്ക് പിറകില്‍ രണ്ടാം സ്ഥാനക്കാരായാണ് ക്രോട്ടുകാര്‍ എത്തിയത്.

ആത്മവിശ്വാസത്തിലും ജപ്പാന്‍ തന്നെ മുന്നില്‍. അവര്‍ക്ക് ഈ പ്രീക്വാര്‍ട്ടര്‍ തന്നെ ബോണസാണ്. നഷ്ടപ്പെടാന്‍ ഒന്നുമില്ല. ലോകകപ്പ് ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ജപ്പാന്റെ പേരുണ്ട്. വെറുതെ ഖത്തറില്‍ കളിക്കാനെത്തിയവര്‍ എന്നതായിരുന്നു തുടക്കത്തില്‍ പറഞ്ഞിരുന്നത്. ഒരു സൂപ്പര്‍ താരം പോലുമില്ല. യൂറോപ്യന്‍ ക്ലബുകളില്‍ കളിക്കുന്നവര്‍ കുറവ്. ജപ്പാന്‍ ജെ ലീഗിലെ പ്രമുഖരായ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് വന്നത്. പക്ഷേ അതിഗംഭീരമായി ടീം കളിച്ചു. അതാണ് ഫുള്‍ മാര്‍ക്ക്. ഇന്ന് തോറ്റാലും തല ഉയര്‍ത്തി തന്നെ അവര്‍ക്ക് മടങ്ങാം. ക്രോട്ടുകാരും കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ ഇത്തരത്തില്‍ വന്നവരാണ്. പക്ഷേ അവര്‍ ഫൈനല്‍ വരെ ഇരച്ചുകയറി. മോസ്‌ക്കോയിലെ ലുഷിനിക്കി സ്റ്റേഡിയത്തില്‍ ഫ്രാന്‍സിനെ അന്തിമ മല്‍സരത്തില്‍ വിറപ്പിച്ചാണ് അവര്‍ കീഴടങ്ങിയത്. പക്ഷേ ഖത്തറില്‍ തോല്‍ക്കാനല്ല ക്രോട്ടുകാര്‍ വന്നിരിക്കുന്നത്. മോഡ്രിച്ച് എന്ന വിശ്വസ്തന്‍ ബെല്‍ജിയത്തിനെതിരെ നടത്തിയ മികവ് മാത്രം ഉദാഹരിച്ചാല്‍ മതി. വയസ് 35. പക്ഷേ ഇപ്പോഴും സുന്ദരനായി അദ്ദേഹം കളി നിയന്ത്രിക്കുന്നു.

എല്ലായിടത്തും പറന്നെത്തുന്നു. അവസരവാദിയായി കുതിക്കുന്നു. ജപ്പാന്‍ പേടിക്കേണ്ടത് ഈ അല്‍ഭുത മനുഷ്യനെ തന്നെ. കളി ഇന്ത്യന്‍ സമയം രാത്രി 8-30 ന്. ഇരു ടീമുകളും ഇതുവരെ മൂന്നു തവണയാണ് ഏറ്റുമുട്ടിയത്. ഇതില്‍ ഒരു തവണ ജപ്പാനും ഒരു തവണ കൊയേഷ്യയുമാണ് വിജയിച്ചത്. 1997ല്‍ കിരിന്‍ കപ്പില്‍ ജപ്പാന്‍ 4-3ന് വിജയിച്ചപ്പോള്‍ 1998ല്‍ 1-0ന് ക്രോട്ടുകള്‍ക്കായിരുന്നു വിജയം. 2006 ലോകകപ്പില്‍ ഗോള്‍ രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.

web desk 3: