ചെന്നൈ: തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ചെക്കു കേസില്‍ തടവു ശിക്ഷ. ഒരു വര്‍ഷത്തെ തടവാണ് ഇരുവര്‍ക്കും വിധിച്ചിരിക്കുന്നത്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍, കമല്‍ ഹാസന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാണ് ശരത് കുമാര്‍. ശരത് കുമാറിന്റെ ഓള്‍ ഇന്ത്യ സമതുവ മക്കള്‍ കച്ചി കമലിന്റെ മക്കള്‍ നീതി മയ്യത്തിന്റെ സഖ്യകക്ഷിയാണ്.

റേഡിയന്‍സ് മീഡിയ എന്ന കമ്പനി നല്‍കിയ കേസിലാണ് ശരത് കുമാറിനും രാധികയ്ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഇടായി ചെക് തന്നെന്നുമാണ് റേഡിയന്‍സ് പരാതിയില്‍ പറയുന്നത്. ശരത് കുമാര്‍ അന്‍പതു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നെന്നും പരാതിയിലുണ്ട്.

വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ശരത് കുമാറിനെയും രാധികയെയും ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.