X
    Categories: MoreViews

ശശികലപക്ഷത്ത് ഭിന്നത: മുതിര്‍ന്ന മന്ത്രിമാര്‍ യോഗം ചേര്‍ന്നു; തമിഴ് രാഷ്ട്രീയം പുകയുന്നു

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനു പിന്നാലെ അണ്ണാ ഡി.എം.കെ ശശികല ക്യാമ്പില്‍ വിള്ളലെന്ന് റിപ്പോര്‍ട്ട്. എടപ്പാടി പളനിസ്വാമി സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തി കൂടുതല്‍ നേതാക്കളും മന്ത്രിമാരും ഒ.പി.എസ് ക്യാമ്പില്‍ എത്തുമെന്നാണ് വിവരം.
ഞായറാഴ്ച ഒ പന്നീര്‍ശെല്‍വത്തിന്റെ വീട്ടില്‍ അദ്ദേഹത്തെ പിന്തുണക്കുന്ന നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ഉടന്‍ തന്നെ നല്ലൊരു വഴിത്തിരിവ് പ്രതീക്ഷിക്കാമെന്നായിരുന്നു ഇതിനു ശേഷം പ്രമുഖ നേതാവിന്റെ പ്രതികരണം. ടി.ടി.വി ദിനകരന്‍ (ശശികലയുടെ ബന്ധു) ക്യാമ്പില്‍ പുതിയ വിപ്ലവത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഇയാള്‍ പ്രതികരിച്ചു.

മുതിര്‍ന്ന നേതാവ് ഇ മധുസൂദനന്‍, മുന്‍ മന്ത്രി കെ പാണ്ഡ്യരാജന്‍, പാര്‍ലമെന്റംഗം വി മൈത്രേയന്‍, മുന്‍ മന്ത്രി കെ.പി മുനുസ്വാമി, മുന്‍ എം.എല്‍.എ ജെ.സി.ഡി പ്രഭാകര്‍, മുന്‍ നിയമസഭാ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍ എന്നിവരെല്ലാം യോഗത്തില്‍ സംബന്ധിച്ചിരുന്നു. നേതാക്കള്‍ ശശികല ക്യാമ്പ് വിട്ടുകൊണ്ടുള്ള പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്നാണ് നേതാക്കളില്‍ ചിലര്‍ പ്രതികരിച്ചത്.

അതേസമയം ഒ പന്നീര്‍ശെല്‍വം കരുതലോടെയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ യോഗം ആവിഷ്‌കരിച്ചതായി അദ്ദേഹം പറഞ്ഞു. ജൂണില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാപകന്‍ എം.ജി.ആറിന്റെ സ്മരണക്കായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. സെമിനാറുകള്‍, രാഷ്ട്രീയ സംവാദങ്ങള്‍, കവിതാ സാഹിത്യ ക്യാമ്പുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉള്‍കൊള്ളുന്നതായിരിക്കും പരിപാടി.എ.ഐ.എ.ഡി.എം.കെ ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയന സാധ്യത ഇല്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. അത്തരം തീരുമാനമോ സമീപനമോ ഇല്ല. പൊതുജനങ്ങളുടെ താല്‍പര്യവും നന്മയും കണക്കിലെടുത്ത് മാത്രമേ എന്ത് തീരുമാനമായാലും കൈകൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ടി.ടി.വി ദിനകരനെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയും ശശികല ക്യാമ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായാണ് അറിയുന്നത്. ഔദ്യോഗിക പേരും ചിഹ്നവും ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിന് 50 കോടി രൂപ കൈക്കൂലി നല്‍കിയെന്ന കേസില്‍ എ.ഐ.എ.ഡി.എം.കെ(ശശികല ക്യാമ്പ്) ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ദിനകരനെതിരെ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരനെ 1.30 കോടി രൂപയുമായി പൊലീസ് അറസ്റ്റു ചെയ്തു. അണ്ണാ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയെ സംബന്ധിച്ച് ശശികല വിഭാഗവും പനീര്‍ശെല്‍വവും തമ്മിലുള്ള തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. ചിഹ്നം ശശികല വിഭാഗത്തിന് അനുവദിച്ചു കിട്ടാന്‍ ശശികലയുടെ സഹോദരിയുടെ മകനും ആര്‍.കെ നഗര്‍ സ്ഥാനാര്‍ത്ഥിയുമായ ടി.ടി.വി ദിനകരന്‍ 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കേസ്.
ഞായറാഴ്ച സൗത്ത് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ഇടപാട് നടത്താന്‍ ശ്രമം നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട വിവാദ ദല്ലാള്‍ സുകേഷ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തതായി ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷ്ണര്‍ മധുര്‍ വര്‍മ പറഞ്ഞു. സുകേഷ് ചന്ദ്രശേഖരനെ ഇടനിലക്കാരനായി നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കാനായിരുന്നു ദിനകരന്റെ ശ്രമം. ഇതായി ദിനകരന്‍ ഇടപാടുകള്‍ നടത്തിവരികയായിരുന്നു എന്നും മധുര്‍ വര്‍മ പറഞ്ഞു. സുകേഷിന്റെ അറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചു.

ശശികല പക്ഷത്തിന് രണ്ടില ചിഹ്നം കിട്ടിയാല്‍ 50 കോടി രൂപ നല്‍കാമെന്നു ദിനകരന്‍ ഉറപ്പു നല്‍കിയതായി ചന്ദ്രശേഖരന്‍ പൊലീസിനു മൊഴി നല്‍കി. ചന്ദ്രശേഖരന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത 1.3 കോടി രൂപ ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനായി കൊണ്ടുവന്നതാണെന്നു പൊലീസ് പറഞ്ഞു.എന്നാല്‍, രണ്ടില ചിഹ്നത്തിനായി 50 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം ദിനകരന്‍ നിഷേധിച്ചു. ഇടനിലക്കാരന്‍ എന്നു പറയുന്ന ചന്ദ്രശേഖരനെ അറിയില്ല. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ദിനകരന്‍ പറഞ്ഞു. കേസില്‍ നേരിട്ട് ഹാജരാകാന്‍ ദിനകരന് പൊലീസ് നോട്ടീസ് അയച്ചു.

ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് രണ്ടില ചിഹ്നം കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. ഇരുവിഭാഗവും ചിഹ്നത്തിനായി വാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി. ഗൂഡാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവയാണ് ദിനകരനെതിരെ ചുമത്തിയത്. അന്വേഷണത്തിന് ഹാജരാകാന്‍ ദിനകരനോട് ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. കേസ് അന്വേഷണത്തിനായി അന്തര്‍ സംസ്ഥാന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്ന സംഘത്തെ ഡല്‍ഹി ജോയിന്റ് കമ്മീഷണര്‍ പ്രവീണ്‍ രഞ്ജന്‍ നിയോഗിച്ചിട്ടുണ്ട്.

 

 

chandrika: