Connect with us

More

ശശികലപക്ഷത്ത് ഭിന്നത: മുതിര്‍ന്ന മന്ത്രിമാര്‍ യോഗം ചേര്‍ന്നു; തമിഴ് രാഷ്ട്രീയം പുകയുന്നു

Published

on

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനു പിന്നാലെ അണ്ണാ ഡി.എം.കെ ശശികല ക്യാമ്പില്‍ വിള്ളലെന്ന് റിപ്പോര്‍ട്ട്. എടപ്പാടി പളനിസ്വാമി സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തി കൂടുതല്‍ നേതാക്കളും മന്ത്രിമാരും ഒ.പി.എസ് ക്യാമ്പില്‍ എത്തുമെന്നാണ് വിവരം.
ഞായറാഴ്ച ഒ പന്നീര്‍ശെല്‍വത്തിന്റെ വീട്ടില്‍ അദ്ദേഹത്തെ പിന്തുണക്കുന്ന നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ഉടന്‍ തന്നെ നല്ലൊരു വഴിത്തിരിവ് പ്രതീക്ഷിക്കാമെന്നായിരുന്നു ഇതിനു ശേഷം പ്രമുഖ നേതാവിന്റെ പ്രതികരണം. ടി.ടി.വി ദിനകരന്‍ (ശശികലയുടെ ബന്ധു) ക്യാമ്പില്‍ പുതിയ വിപ്ലവത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഇയാള്‍ പ്രതികരിച്ചു.

മുതിര്‍ന്ന നേതാവ് ഇ മധുസൂദനന്‍, മുന്‍ മന്ത്രി കെ പാണ്ഡ്യരാജന്‍, പാര്‍ലമെന്റംഗം വി മൈത്രേയന്‍, മുന്‍ മന്ത്രി കെ.പി മുനുസ്വാമി, മുന്‍ എം.എല്‍.എ ജെ.സി.ഡി പ്രഭാകര്‍, മുന്‍ നിയമസഭാ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍ എന്നിവരെല്ലാം യോഗത്തില്‍ സംബന്ധിച്ചിരുന്നു. നേതാക്കള്‍ ശശികല ക്യാമ്പ് വിട്ടുകൊണ്ടുള്ള പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്നാണ് നേതാക്കളില്‍ ചിലര്‍ പ്രതികരിച്ചത്.

അതേസമയം ഒ പന്നീര്‍ശെല്‍വം കരുതലോടെയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ യോഗം ആവിഷ്‌കരിച്ചതായി അദ്ദേഹം പറഞ്ഞു. ജൂണില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാപകന്‍ എം.ജി.ആറിന്റെ സ്മരണക്കായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. സെമിനാറുകള്‍, രാഷ്ട്രീയ സംവാദങ്ങള്‍, കവിതാ സാഹിത്യ ക്യാമ്പുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉള്‍കൊള്ളുന്നതായിരിക്കും പരിപാടി.എ.ഐ.എ.ഡി.എം.കെ ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയന സാധ്യത ഇല്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. അത്തരം തീരുമാനമോ സമീപനമോ ഇല്ല. പൊതുജനങ്ങളുടെ താല്‍പര്യവും നന്മയും കണക്കിലെടുത്ത് മാത്രമേ എന്ത് തീരുമാനമായാലും കൈകൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ടി.ടി.വി ദിനകരനെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയും ശശികല ക്യാമ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായാണ് അറിയുന്നത്. ഔദ്യോഗിക പേരും ചിഹ്നവും ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിന് 50 കോടി രൂപ കൈക്കൂലി നല്‍കിയെന്ന കേസില്‍ എ.ഐ.എ.ഡി.എം.കെ(ശശികല ക്യാമ്പ്) ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ദിനകരനെതിരെ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരനെ 1.30 കോടി രൂപയുമായി പൊലീസ് അറസ്റ്റു ചെയ്തു. അണ്ണാ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയെ സംബന്ധിച്ച് ശശികല വിഭാഗവും പനീര്‍ശെല്‍വവും തമ്മിലുള്ള തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. ചിഹ്നം ശശികല വിഭാഗത്തിന് അനുവദിച്ചു കിട്ടാന്‍ ശശികലയുടെ സഹോദരിയുടെ മകനും ആര്‍.കെ നഗര്‍ സ്ഥാനാര്‍ത്ഥിയുമായ ടി.ടി.വി ദിനകരന്‍ 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കേസ്.
ഞായറാഴ്ച സൗത്ത് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ഇടപാട് നടത്താന്‍ ശ്രമം നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട വിവാദ ദല്ലാള്‍ സുകേഷ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തതായി ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷ്ണര്‍ മധുര്‍ വര്‍മ പറഞ്ഞു. സുകേഷ് ചന്ദ്രശേഖരനെ ഇടനിലക്കാരനായി നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കാനായിരുന്നു ദിനകരന്റെ ശ്രമം. ഇതായി ദിനകരന്‍ ഇടപാടുകള്‍ നടത്തിവരികയായിരുന്നു എന്നും മധുര്‍ വര്‍മ പറഞ്ഞു. സുകേഷിന്റെ അറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചു.

ശശികല പക്ഷത്തിന് രണ്ടില ചിഹ്നം കിട്ടിയാല്‍ 50 കോടി രൂപ നല്‍കാമെന്നു ദിനകരന്‍ ഉറപ്പു നല്‍കിയതായി ചന്ദ്രശേഖരന്‍ പൊലീസിനു മൊഴി നല്‍കി. ചന്ദ്രശേഖരന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത 1.3 കോടി രൂപ ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനായി കൊണ്ടുവന്നതാണെന്നു പൊലീസ് പറഞ്ഞു.എന്നാല്‍, രണ്ടില ചിഹ്നത്തിനായി 50 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം ദിനകരന്‍ നിഷേധിച്ചു. ഇടനിലക്കാരന്‍ എന്നു പറയുന്ന ചന്ദ്രശേഖരനെ അറിയില്ല. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ദിനകരന്‍ പറഞ്ഞു. കേസില്‍ നേരിട്ട് ഹാജരാകാന്‍ ദിനകരന് പൊലീസ് നോട്ടീസ് അയച്ചു.

ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് രണ്ടില ചിഹ്നം കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. ഇരുവിഭാഗവും ചിഹ്നത്തിനായി വാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി. ഗൂഡാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവയാണ് ദിനകരനെതിരെ ചുമത്തിയത്. അന്വേഷണത്തിന് ഹാജരാകാന്‍ ദിനകരനോട് ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. കേസ് അന്വേഷണത്തിനായി അന്തര്‍ സംസ്ഥാന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്ന സംഘത്തെ ഡല്‍ഹി ജോയിന്റ് കമ്മീഷണര്‍ പ്രവീണ്‍ രഞ്ജന്‍ നിയോഗിച്ചിട്ടുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്ത്യയുടെ നല്ലകാലം വീണ്ടെടുക്കണം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ക്കുന്നതിനൊപ്പം സാധാരണക്കാരന്റെ ജീവിതം പ്രയാസത്തിലാക്കുന്ന നിലപാടാണ് മോദി ഭരണത്തില്‍ നിന്നുണ്ടായത് തങ്ങള്‍ പറഞ്ഞു

Published

on

കണ്ണൂര്‍: നോട്ട് നിരോധനം സഹായിച്ചത് കോര്‍പ്പറേറ്റുകളെയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ക്കുന്നതിനൊപ്പം സാധാരണക്കാരന്റെ ജീവിതം പ്രയാസത്തിലാക്കുന്ന നിലപാടാണ് മോദി ഭരണത്തില്‍ നിന്നുണ്ടായത്. നോട്ട് നിരോധനം സൃഷ്ടിച്ച ദുരിതത്തില്‍ നിന്നും രാജ്യത്തിന് ഇതുവരെ മോചനം നേടാനായിട്ടില്ലെന്നും തങ്ങള്‍ പറഞ്ഞു.

ജില്ലയില്‍ കണ്ണൂര്‍, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം വരുത്തിവെച്ച ദുരിതവും സാമ്പത്തിക പ്രതിസന്ധിയും എവിടെയും ചര്‍ച്ചയാകുന്നില്ല.

മതങ്ങളുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലുള്ള വിഷയങ്ങളാണ് ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ രൂപയുടെ വിലയിടിവിലേക്കും നയിച്ച് രാജ്യത്തിന്റെ സാമ്പത്തിക നില താറുമാറാക്കിയ ഭരണകൂട കെടുകാര്യസ്ഥതയുള്‍പ്പെടെ മാധ്യമങ്ങള്‍ പോലും പുറത്ത് കൊണ്ടുവരുന്നില്ല. എന്നാല്‍ മാധ്യമങ്ങള്‍ മറ്റ് പല കാര്യങ്ങള്‍ക്കുമാണ് പ്രചാരണം നല്‍കുന്നത്. ഇന്ത്യയുടെ നല്ല കാലം വീണ്ടെടുത്തേ പറ്റൂ. പുറത്ത് പോയി പഠിച്ച യുവാക്കള്‍ക്ക് തൊഴില്‍ പോലും ഇല്ലാതാകുന്ന അവസ്ഥയില്‍ രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടിയിരിക്കുന്നു.

കുടുംബ ബന്ധങ്ങളെയും സൗഹൃദങ്ങളെയും തകര്‍ക്കുന്ന ഭരണ വൈകല്യം മാറ്റിയെടുക്കാനാകണം. ഭരണകൂടത്തിന്റെ നെറികേടുകള്‍ തിരുത്താന്‍ നമുക്കാകണം. വൈകിപോയെന്ന് വിചാരിക്കാതെ ഈ തിരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്താന്‍ മതേതര ജനാധിപത്യ ശക്തികള്‍ക്കാകണം. രാജ്യം വീണ്ടെടുക്കാന്‍ വേണ്ടിയുള്ളതാണ് ഈ തെരഞ്ഞെടുപ്പെന്നും തങ്ങള്‍ പറഞ്ഞു.

Continue Reading

india

ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കിയത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ വേണ്ടിയാണ്: പ്രിയങ്ക ഗാന്ധി

സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്

Published

on

രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു.

‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്ന്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘‘കയ്യിൽ കാശില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ്. വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്. ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. ഈ സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാരെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

https://mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Continue Reading

Trending