X
    Categories: MoreViews

എം.എല്‍.എമാര്‍ രഹസ്യകേന്ദ്രത്തില്‍: ജയയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് ഇന്നലെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന ശശികല

ചെന്നൈ: കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം നടത്തിയ അപ്രതീക്ഷിത പടനീക്കത്തെ അതേ നാണയത്തില്‍ തിരിച്ചടിച്ച് നിയുക്ത മുഖ്യമന്ത്രി വി.കെ ശശികല. ഇന്നലെ കാലത്ത് ചെന്നൈയിലെ എ.ഐ.എ. ഡി.എം.കെ ആസ്ഥാനത്ത് ശശികല വിളിച്ചുചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും സംബന്ധിച്ചു. 133 എം.എല്‍.എമാരില്‍ 130 പേരും യോഗത്തില്‍ പങ്കെടുത്തതായി മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. ഒ പന്നീര്‍ശെല്‍വം ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണ് യോഗത്തില്‍നിന്ന് വിട്ടുനിന്നത്. ഇതോടെ ശശികല തന്നെ തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി.

യോഗം അവസാനിച്ചതിനു പിന്നാലെ 130 എം.എല്‍.എമാരേയും അഞ്ച് ബസ്സുകളിലായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള സാധ്യത തടയുക എന്ന ലക്ഷ്യത്തോടെയാണ് എം.എല്‍.എമാരെ മാറ്റിയതെന്നാണ് വിവരം. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം.

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നൈയില്‍ എത്തിയാല്‍ ഉടന്‍ എം.എല്‍.എമാരെ ഗവര്‍ണര്‍ക്കുമുന്നില്‍ ഹാജരാക്കി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിക്കാനാണ് നീക്കം. എം.എല്‍.എമാരെല്ലാം ശശികലക്കൊപ്പമാണെന്നും പാര്‍ട്ടി പിളരുമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും മുതിര്‍ന്ന നേതാവ് സെങ്കോട്ടയ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ശശികലയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. തമിഴ്‌നാടിന്റെ അധിക ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മുംബൈയിലാണുള്ളത്. അദ്ദേഹം ഇന്ന് ചെന്നൈയില്‍ എത്തിയേക്കുമെന്നാണ് വിവരം. ബി.ജെ.പി നിര്‍ദേശപ്രകാരമാണ് ഗവര്‍ണര്‍ ഒളിച്ചുകളി തുടരുന്നതെന്ന ആരോപണവുമായി എ.ഐഎ.ഡി.എം.കെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ശശികലക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി വിധി വരുന്നതുവരെ സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിക്കൊണ്ടുപോകാനായിരുന്നു ബി.ജെ.പി തന്ത്രമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ശശികലയെ എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ട് മൂന്നു ദിവസം പിന്നിട്ട സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ഇനിയും വൈകിപ്പിക്കുന്നത് ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ഉയരാന്‍ ഇടയാക്കിയേക്കുമെന്ന് കണ്ടാണ് ഗവര്‍ണര്‍ തീരുമാനം മാറ്റിയതെന്നാണ് വിവരം.

ഗവര്‍ണര്‍ ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതിയെ കാണാനായി എ.ഐ.എ. ഡി.എം.കെ എം.പിമാര്‍ ഇന്നലെ ഡല്‍ഹിയിലേക്ക് തിരിച്ചു. ബജറ്റ് സമ്മേളനം പുരോഗമിക്കുമ്പോഴും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെതുടര്‍ന്ന് എം.പിമാരെല്ലാം കഴിഞ്ഞ മൂന്നു ദിവസമായി ചെന്നൈയിലാണ് തങ്ങിയിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് എല്ലാവരും ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഗവര്‍ണര്‍ ചെന്നൈയില്‍ എത്താന്‍ വൈകിയാല്‍ എം. എല്‍.എമാരെ മുഴുവന്‍ ഡല്‍ഹിയിലെത്തിച്ച് രാഷ്ട്രപതിക്കുമുന്നില്‍ അണിനിരത്താനും എ. ഐഎ.ഡി.എം.കെ നേതൃത്വം ആലോചിക്കുന്നുണ്ട്.

ഇതിനിടെ എ.ഐ.എ.ഡി. എം.കെ ട്രഷറര്‍ സ്ഥാനത്തുനിന്ന് ഒ പന്നീര്‍ശെല്‍വത്തിനേയും പാര്‍ട്ടി ഐ.ടി വിഭാഗം ചുമതലയില്‍നിന്ന് ജി രാമചന്ദ്രനേയും ശശികല ഇടപെട്ട് നീക്കി. വിമതനീക്കം ശക്തിപ്പെട്ടതിനു പിന്നാലെ ഇന്നലെ രാവിലെയാണ് ഇരുവരേയും പാര്‍ട്ടി പദവികളില്‍നിന്ന് മാറ്റിയത്. അതേസമയം ജയലളിതയുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് മണിക്കൂറുകള്‍ക്കകം പന്നീര്‍ശെല്‍വം ശശികലയെ വീണ്ടും പ്രതിരോധത്തിലാക്കി. മരണം സംബന്ധിച്ച ദുരൂഹത നീക്കുന്നതിന് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിന് ശിപാര്‍ശ നല്‍കുമെന്നായിരുന്നു പന്നീര്‍ശെല്‍വത്തിന്റെ പ്രഖ്യാപനം.

ഇതോടെ സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയാലും മുഖ്യമന്ത്രി പദവിയില്‍ തുടരുക ശശികലക്ക് എളുപ്പമാകില്ല. സ്വത്തു കേസിലെ സുപ്രീംകോടതി വിധിയും ജയലളിതയുടെ മരണം സംബന്ധിച്ച അന്വേഷണവും വലിയ വെല്ലുവിളിയായി മാറും. എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നും പന്നീര്‍ശെല്‍വം അവകാശപ്പെട്ടു.

എ.ഐ.എ.ഡി.എം.കെയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടിയാണെന്ന ശശികലയുടെ ആരോപണം ഡി.എം.കെ തള്ളി. പന്നീര്‍ശെല്‍വത്തിന് പിന്തുണ നല്‍കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് സ്റ്റാലിന്‍ പറഞ്ഞു.ഇതിനിടെ വൈകീട്ടോടെ രണ്ട് എം.എല്‍.എമാര്‍ കൂടി പന്നീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. വാസുദേവനെല്ലൂര്‍ എം.എല്‍.എ എ മനോഹരനും വൈകുണ്ഡപുരം എം.എല്‍.എയുമാണ് പന്നീര്‍ശെല്‍വത്തെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയത്.

chandrika: