X
    Categories: gulfNews

ചരിത്രമെഴുതി സഊദി; വിദേശകാര്യ മന്ത്രാലയത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ വനിത

 

റിയാദ്: സഊദി വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സാംസ്‌കാരിക വകുപ്പിന്റെ ഡയറക്ടര്‍ ജനറലായി വനിതയെ നിയമിച്ചു. അഹ്‌ലം ബിന്‍ത് അബ്ദുറഹ്മാന്‍ യാങ്‌സറിനെയാണ് പുതിയതായി നിയമിച്ചത്. സഊദിയില്‍ ഈ തസ്തികയില്‍ ഇതാദ്യമായാണ് ഒരു വനിത നിയമിതയാകുന്നത്. രാജ്യത്ത് സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളുടെ ഓഫീസിലെ അംഗമായും സഊദി എംബസിയിലെ സാമ്പത്തിക സാംസ്‌കാരിക വിഭാഗത്തിന്റെ ഡെപ്യൂട്ടി തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശ മന്ത്രാലയത്തിന്റെ വടക്കേ അമേരിക്കയിലെ സാമ്പത്തിക സാംസ്‌കാരിക ഫയലിന്റെ ചുമതലയായിരുന്നു അഹ്‌ലം വഹിച്ചിരുന്നത്. ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് അന്താരാഷ്ട്ര ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സഊദിയിലെ ഉയര്‍ന്ന തസ്തികകളില്‍ അടുത്തിടെ വനിതകളെ നിയമിച്ചിരുന്നു. 2019 ഫെബ്രുവരിയില്‍ യുഎസിലെ ആദ്യ വനിതാ സഊദി അംബാസഡറായി റീമാ ബിന്‍ത് ബന്ദറിനെ ചുമതലപ്പെടുത്തി.

സഊദിയിലെ യുവ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ടുവെച്ച വിശാലമായ സാമൂഹിക സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി 2018ല്‍ രാജ്യം ചരിത്രത്തിലാദ്യമായി സ്ത്രീകളെ വാഹനമോടിക്കാനും അനുവദിച്ചു. സ്ത്രീകള്‍ക്ക് യാത്ര ചെയ്യാനും പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാനും സ്വതന്ത്രമായ അവകാശമുണ്ടെന്ന് ഭരണകൂടം വ്യക്തമാക്കിയിരുന്നു.

web desk 1: