X

പ്രവാചക നിന്ദയെ ശക്തമായി അപലപിച്ച് സഊദിയും ഒഐസിയും

അഷ്റഫ് വേങ്ങാട്ട്

റിയാദ് : ബിജെപി നേതാവിന്റെ പ്രവാചക നിന്ദക്കെതിരെ സഊദി അറേബ്യയും ശക്തമായി രംഗത്ത്. ഇന്ത്യയിലെ ഭരണകക്ഷിയായ ബി ജെ പി യുടെ ഔദ്യോഗിക വക്താവ് പ്രവാചകന്‍ മുഹമ്മദ് നബി (സ) ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യം ശക്തമായി അപലപിക്കുന്നതായി സഊദി വിദേശകാര്യ മന്ത്രാലയം. ഇസ്ലാമിന്റേത് മാത്രമല്ല മറ്റൊരു മതത്തിന്റെയും ചിഹ്നങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായ മുന്‍വിധികളെ സഊദി നിരാകരിക്കുന്നതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്നതാണ് സഊദി അറേബ്യയുടെ നിലപാടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം വക്താവിനെ സസ്പെന്‍ഡ് ചെയ്ത നടപടി സ്വാഗതാര്‍ഹമാണെന്ന് സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രവാചകനും കുടുംബത്തിനുമെതിരെ നടന്ന അവഹേളനം ഇന്ത്യയിലെ നിലവിലുള്ള സ്ഥിതിയെ മുന്‍ നിര്‍ത്തിവേണം വിശകലനം ചെയ്യാനെന്നാണ് നാല്‍പ്പതിലധികം ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ ഐ സി പ്രസ്താവന. ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെയും അവരുടെ ചിഹ്നങ്ങള്‍ക്കെതിരെയും പള്ളികള്‍ക്കെതിരെയും നടന്നു കൊണ്ടിരിക്കുന്ന പശ്ചാത്തത്തിലത്തിലാണ് ഭരണകക്ഷി വക്താവിന്റെ പ്രവാചക നിന്ദയെന്നത് ഏറെ ഗൗരവത്തോടെ കാണണം . കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഇന്ത്യയില്‍ മുസ്ലിംകളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ഇന്ത്യന്‍ ഭരണകൂടം ജാഗ്രത പാലിക്കണമെന്നും ഒ ഐ സി ആവശ്യപ്പെട്ടു.

ഗ്യാന്‍വാപി വിഷയത്തില്‍ ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ബി.ജെ.പി ദേശീയ വക്താവ് നുപുര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. പ്രസ്താവനക്കെതിരെ ഖത്തര്‍, ഒമാന്‍, കുവൈത്ത്, ഇറാന്‍, ഈജിപ്ത് ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ പ്രതിഷേധവുമായി നേരത്തെ . തുടര്‍ന്ന് നൂപുര്‍ ശര്‍മയെയും ട്വിറ്ററിലൂടെ പ്രവാചകനെ അവഹേളിച്ചുകൊണ്ട് പ്രസ്താവന നടത്തിയ ബിജെപി ഡല്‍ഹി മീഡിയ ഇന്‍ചാര്‍ജ് നവീന്‍കുമാര്‍ ജിന്‍ഡാലിനെയും ബിജെപി പുറത്താക്കി അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ലോകമെങ്ങും ഇന്ത്യന്‍ ഭരണകക്ഷിയുടെ ഈ നടപടിക്കെതിരെ അമര്‍ഷം പുകയുകയാണ്. സഊദിയിലെ വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇന്ത്യയുടെ നിലപാടിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്.

Chandrika Web: