X

മക്ക, മദീന പള്ളികളുടെ മേല്‍നോട്ടത്തിന് പുതിയ സമിതി രൂപീകരിച്ച് സഊദി

മക്കയുടെയും മദീനയുടെയും മേല്‍നോട്ടത്തിന് പുതിയ സമിതി രൂപീകരിച്ച് സഊദി ഗവണ്‍മെന്റ്. സഊദി രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ സമിതി പ്രവര്‍ത്തിക്കുകയെന്ന് സഊദി സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ അറിയിച്ചു. മക്ക, മദീന പള്ളികളുടെ മതപരമായ കാര്യങ്ങളില്‍ ഈ സമിതി മേല്‍നോട്ടം വഹിക്കുമെന്ന് എസ്പിഎ ട്വിറ്ററിലൂടെ അറിയിച്ചു. സഊദി ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിന് കീഴില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സമിതിക്ക് പകരമായാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തിരിക്കുന്നത്. പഴയ സമിതിക്ക് സഊദി രാജാവുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ല. ഇതോടെ പുതിയ സമിതിക്ക് സാമ്പത്തിക, ഭരണ കാര്യങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും.

മക്കയിലെ വലിയ പള്ളിയും മദീനയിലെ പ്രവാചകന്റെ പള്ളിയും ഇസ്‌ലാം മതത്തിലെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളാണ്. മതപരമായ പഠനങ്ങള്‍, മതപ്രഭാഷണം, ബാങ്കുവിളി തുടങ്ങിയ കാര്യങ്ങളില്‍ പുതിയ സമിതി മേല്‍നോട്ടം വഹിക്കുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. അതിനിടെ അടുത്ത സീസണില്‍ ഹജ്ജിനുള്ള സാമ്പത്തിക പാക്കേജ് വിപുലീകരിക്കാന്‍ സഊദി അറേബ്യ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള പാക്കേജ് വിപുലീകരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ് എന്ന് സൗദി ഹജ്ജ് ഡെപ്യൂട്ടി മന്ത്രിയാണ് അറിയിച്ചത്. 3,984 സഊദി റിയാലിലാണ് നിലവില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് സാമ്പത്തിക പാക്കേജ് ആരംഭിക്കുന്നത്. ഇത് മുഴുവനായോ അല്ലെങ്കില്‍ 3 ഗഡുക്കളായോ അടക്കാം.

സഊദി ഹജ്ജ്, ഉംറ മന്ത്രി തൗഫിക് അല്‍ റബിയ അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള നിയമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കരാറുകള്‍ അനുസരിച്ച്, വിവിധ രാജ്യങ്ങള്‍ക്ക് അനുവദിക്കേണ്ട സ്ഥലങ്ങളുടെ നാമനിര്‍ദേശം സഊദി അറേബ്യ തീരുമാനിക്കും. നേരത്തെ കരാറുകളില്‍ തീരുമാനമാക്കുന്ന രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും തൗഫിക് അല്‍ റബിയ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് ഒന്നു മുതല്‍ ഹജ്ജിനുള്ള വിസ നല്‍കാന്‍ ആരംഭിക്കും. ഏപ്രില്‍ 29 വരെ ആയിരിക്കും വിസകള്‍ നല്‍കുക.

150 രാജ്യങ്ങളില്‍നിന്നുള്ള 18,45,045 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിച്ചത്. 1,75,025 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ 11,252 തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജിന് പോയിരുന്നു.

 

 

webdesk13: