X

പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി സഊദി

പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി സഊദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശ.

തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പൗരന്മാരും, താമസക്കാരും മാസ്‌ക് ധരിക്കണം. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിലൂടെ പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ നിന്ന് വ്യക്തികളെ തടയാന്‍ ഇതിലൂടെ സാധിക്കും.

ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെയുള്ള മുന്‍ കരുതല്‍ എന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് പകര്‍ച്ചവ്യാധി നിയന്ത്രണ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. ഇമാദ് അല്‍ മുഹമ്മദി പറഞ്ഞു.

കൊവിഡ് 19ന്റെ പല തരത്തിലുള്ള വകഭേദങ്ങള്‍ വന്നാലും തടയാന്‍ മാസ്‌ക് ധരിക്കുന്നതിലൂടെ സാധിക്കും. എല്ലാതരം പകര്‍ച്ചവ്യാധികളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കുന്നതിന് മാസക് ധരിച്ച് മുന്‍കരുതല്‍ എടുക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

എല്ലാവര്‍ക്കും സുരക്ഷിതമായ ഒരു ജീവിത അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന് ഈ കരുതല്‍ അത്യാവശ്യമാണെന്ന് സഊദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, ആശുപത്രി സന്ദര്‍ശകര്‍ എന്നിവര്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിന് മാസ്‌ക് ധരിക്കണം.

webdesk13: