അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : പ്രതിദിന കോവിഡ് കേസുകളില്‍ സൗദിയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. 310 പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. 271 പേര്‍ക്ക് രോഗശമനമുണ്ടായി. നാല് പേരാണ് ഇന്ന് മരിച്ചത്. കോവിഡ് ബാധ കൂടുതല്‍ കണ്ടെത്തിയത് റിയാദിലാണ് 131 പേര്‍ക്ക് . കിഴക്കന്‍ പ്രവിശ്യ 61 , മക്ക 38 , മദീന 16 , അല്‍ബാഹ 13 , വടക്കന്‍ അതിര്‍ത്തി 10 , അല്‍ജൗഫ് 9 ,അസീര്‍ 8 , അല്‍ ഖസീം 7 , നജ്‌റാന്‍ 7 , ഹായില്‍ 4 , തബൂക്ക് 3, ജിസാന്‍ 3 എന്നിവിടങ്ങളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു . ഇപ്പോള്‍ രാജ്യത്ത് 2146 പേര്‍ ചികിത്സയിലുണ്ട്.ഇവരില്‍ 375 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 368639ഉം രോഗമുക്തി നേടിയവരുടെ എണ്ണം 360110 ഉം മരണപെട്ടവരുടെ എണ്ണം 6383 ഉം ആയി.

കോവിഡ് കേസുകളില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നേരിയ വര്‍ധനയുണ്ടായ സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ തുടരാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു . റിയാദ് , കിഴക്കന്‍ പ്രവിശ്യ , നജ്‌റാന്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ മാളുകളിലും മറ്റും പോകേണ്ടവര്‍ തവക്കല്‍ന ആപ്പില്‍ അനുമതിയെടുത്ത ശേഷം മാത്രമേ പോകാന്‍ പാടുള്ളൂ എന്ന കര്‍ശന നിയമം ഇന്നലെ മുതല്‍ നിലവില്‍ വന്നു . ആവശ്യമെങ്കില്‍ മറ്റു നഗരങ്ങളിലും കൂടുതല്‍ പ്രതിരോധ നടപടികള്‍ കൈകൊള്ളാനുള്ള നീക്കമുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് നൂറിന് താഴേക്ക് വന്നിരുന്ന പ്രതിദിന കോവിഡ് കേസുകളാണ് വീണ്ടും വര്‍ധന രേഖപ്പെടുത്തിയത് . ശൈത്യവും ഒപ്പം പൊതുജനങ്ങളുടെ അശ്രദ്ധയും മഹാമാരിയെ നിയന്ത്രിക്കുന്നതിന് തടസ്സമാകുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുന്നില്ലെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തല്‍ . സംഘം ചേരുന്നതും മാളുകളിലും പാര്‍ക്കുകളിലും താമസ സ്ഥലങ്ങളിലും പരിധിയില്‍ കവിഞ്ഞ ജനങ്ങള്‍ ഒത്തു ചേരുന്നത് ശക്തമായി തടഞ്ഞിട്ടുണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രതക്കുറവ് കാണിക്കുന്നുവെന്നതാണ് മനസ്സിലാകുന്നത്.