X

വിജയപ്രതീക്ഷയുമായി സഊദി നാളെ പോളണ്ടിനെതിരെ

അഷ്റഫ് വേങ്ങാട്ട്

റിയാദ്: പ്രാര്‍ത്ഥനയിലാണ് അറബ്ലോകവും സഊദിയും. ആഗോള ഫുട്ബാളിന്റെ മേല്‍ക്കോയ്മ അവകാശപ്പെടുന്ന ലോക രാജ്യങ്ങളുടെ പട്ടികയിലിടം നേടാന്‍ വിജയ പ്രതീക്ഷയോടെ സഊദി നാളെ വീണ്ടും കളികളത്തിറങ്ങുന്നു. ലോകകപ്പ് ഗ്രൂപ്പ് സിയില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരായ സഊദി തങ്ങളുടെ രണ്ടാം മത്സരത്തിനാണ് ലോകഫുട്ബാളിലെ അതികായരായ അര്‍ജന്റീനക്കെതിരെ നേടിയ അട്ടിമറി ജയം നല്‍കിയ ആത്മവിശ്വാസവുമായി ഹെര്‍വ് റെനാര്‍ഡിന്റെ കുട്ടികള്‍ പൊരുതാനിറങ്ങുന്നത് . സെനഗലുമായുള്ള മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ആതിഥേയ രാജ്യമായ ഖത്തര്‍ രണ്ടാം തോല്‍വിയും ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ അറബ്ലോകത്തിന്റെ പ്രതീക്ഷ സഊദിയുടെ ഇനിയുള്ള രണ്ട് പോരാട്ടങ്ങളിലാണ്. അറബ്ലോകവും ഒപ്പം സഊദിയും ആകാംക്ഷയോടെയാണ് നാളെ നടക്കുന്ന സഊദി പോളണ്ട് കളിയെ കാത്തിരിക്കുന്നത്. ചൊവാഴ്ചയാണ് മെക്‌സിക്കോയുമായുള്ള മൂന്നാം മത്സരം.

ആദ്യമത്സരത്തിലെ വിജയത്തില്‍ രാജ്യത്തെയും അറബ്ലോകത്തെയും സഊദിയെ നെഞ്ചേറ്റുന്ന മറ്റു രാഷ്ട്രങ്ങളിലെയും ഭരണാധികാരികളുടെയും ഫുട്ബാള്‍ പ്രേമികളുടെയും തലോടല്‍ കൊണ്ട് പുളകം കൊണ്ട സഊദി കളിക്കാര്‍ക്ക് ഇനിയുള്ള ഓരോ മത്സരങ്ങളും കടുത്ത വെല്ലുവിളികളാണ്. അര്‍ജന്റീനയയുമായി താരതമ്യം ചെയ്യുമ്പോള്‍ പോളണ്ടിനോടുള്ള പോരാട്ടം ആയാസരഹിതമാകുമെന്നാണ് സഊദിയുടെ കണക്കുകൂട്ടല്‍. നിലവില്‍ കളിക്കാരെല്ലാം ഉജ്ജ്വല ഫോമിലാണ്. അര്‍ജന്റീനയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ സല്‍മാന്‍ അല്‍ ഫറാജിന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കുന്ന കാര്യത്തില്‍ കോച്ച് ഹെര്‍വ് റെനാര്‍ഡ് കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. കാല്‍മുട്ടിന് താഴെ എല്ലിന് പരിക്കേറ്റ ഫറാജ് ചികിത്സയിലാണ്.

മെസ്സിയുടെ ടീമിനെതിരെ സഊദിയുടെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച താരങ്ങളില്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഉവൈസിന്റെ പങ്ക് അനിര്‍വ ചനീയമാണ്. ഗ്രൂപ്പിലെ പോളണ്ടുമായും മെക്‌സിക്കോയുമായുള്ള മത്സരങ്ങളിലും ടീം ഉജ്ജ്വലമായി കളിക്കുമെന്നാണ് ഉവൈസിന്റെ പ്രതീക്ഷ. മാനസികമായി ഞങ്ങള്‍ തയ്യാറെടുത്ത് കഴിഞ്ഞു. കളിക്കളത്തില്‍ ദൈവാനുഗ്രഹവും ലോക ഫുട്‌ബോള്‍ പ്രേമികളുടെ പ്രാര്‍ത്ഥനയും ഗ്രൗണ്ട് സപ്പോര്‍ട്ടും തുണയാകുമെന്ന് ഉവൈസ് പറഞ്ഞു. അര്‍ജന്റീനന്‍ താരങ്ങളുടെ തീയുണ്ടകളെ പ്രതിരോധിക്കുന്നതില്‍ അവിസ്മരണീയമായ പ്രകടനമാണ് ഉവൈസ് കാഴ്ച്ച വെച്ചത്. നിരവധി ഷോട്ടുകള്‍ തടുത്തിട്ട ഉവൈസായിരുന്നു അര്‍ജന്റീനക്കെതിരെയുള്ള മത്സരത്തിലെ വിജയശില്‍പി. ആദ്യപകുതിയില്‍ പെനാല്‍ട്ടിയിലൂടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി നേടിയ ഏക ഗോളാണ് ഉവൈസിനെ മറികടന്ന് പോസ്റ്റില്‍ പതിച്ചത്. ഗോളുകള്‍ അടിക്കാന്‍ അര്‍ജന്റീന ശ്രമിച്ചെങ്കിലും അതെല്ലാം ഓഫ്സൈഡ് ആയി മാറുകയായിരുന്നു. കോച്ച് ഹെര്‍വ് റെനാര്‍ഡിന്റെ തന്ത്രപരമായ നിര്‍ദേശങ്ങളായിരുന്നു സഊദി ടീം ലുസൈല്‍ സ്റ്റേഡിയത്തില്‍ കളിച്ചു കാട്ടിയത്.

 

web desk 3: