X
    Categories: gulfNews

സഊദിയില്‍ ലുലു-മലബാര്‍ പത്തിരിമേള ശ്രദ്ധേയമാകുന്നു

അഷ്‌റഫ് ആളത്ത്

ദമ്മാം: വാണിജ്യ രംഗത്തെ പ്രമുഖ ഗ്രൂപ്പായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ ഖോബാര്‍ ശാഖയും പ്രവാസി കൂട്ടായ്മയായ മലബാര്‍ അടുക്കളയും സംയുക്തമായി സംഘടിപ്പിക്കുന്ന പത്തിരിമേള ഗുണഭോക്താക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ലുലു മിനി ഫുഡ് ഫെസ്റ്റിവല്‍ 2020 ന്റെ ഭാഗമായിസംഘടിപ്പിച്ചതാണ് പത്തിരി മേള.

സഊദിയിലെ അല്‍ ഖോബാര്‍ ഔട്ട്‌ലെറ്റില്‍ പ്രത്യേകം തയാറാക്കിയ കൗണ്ടറില്‍ മലബാര്‍ അടുക്കളയിലെ പാചക റാണിമാരാണ് പത്തിരി വിഭവങ്ങള്‍ പരിചയപ്പെടുത്തുന്നത്. സന്ദര്‍ശകര്‍ക്ക് രുചിക്കാന്‍ അവസരം നല്‍കിക്കൊണ്ട് ഇതാദ്യമായാണ് ഇത്ര വിപുലമായ രീതിയില്‍ പത്തിരി മേളയ്ക്ക് ലുലു അല്‍ ഖോബാര്‍ വേദിയാകുന്നത്.

ചട്ടിപ്പത്തിരി, അടുക്ക പത്തിരി, അതിശയ പത്തിരി, മീന്‍ പത്തിരി, ഇറച്ചി പത്തിരി, നെയ് പത്തിരി, കണ്ണ പത്തിരി, മസാല പത്തിരി, പൊരിച്ച പത്തിരി, തേങ്ങാ പത്തിരി, കുഞ്ഞിപ്പത്തിരി, ഒറോട്ടി പത്തിരി, മുട്ടപ്പത്തിരി, പൂപത്തിരി, ഇതള്‍ പത്തിരി, അരി പത്തിരി തുടങ്ങി നൂല്‍ പത്തിരി വരെ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കേട്ടുമാത്രം പരിചയമുള്ള മലബാറിന്റെ സ്‌നേഹവും കൈപുണ്യവും വേറിട്ട അനുഭവമായതായി ഗുണഭോക്താക്കള്‍ അഭിപ്രായപ്പെട്ടു.
മേള സന്ദര്‍ശിക്കാനെത്തിയ ഉപഭോക്താക്കള്‍ക്ക് തനി നാടന്‍ രുചിവിഭവങ്ങളുടെ വേറിട്ട രസക്കൂട്ടാണ് പത്തിരി മേള സമ്മാനിച്ചത്.
കോവിഡ് മുന്‍കരുതലുകളോടെ സജ്ജീകരിച്ച മലബാര്‍ അടുക്കളയുടെ കൗണ്ടര്‍ സന്ദര്‍ശകര്‍ പരമാവധി പ്രയോജനപ്പെടുത്തിയതായി ലുലു മലബാര്‍ അടുക്കള പ്രതിനിധികള്‍ അറിയിച്ചു. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്നതാണ് മിനി ഫുഡ് ഫെസ്റ്റിവല്‍. എല്ലാ വാരാന്ത്യങ്ങളിലും മലബാര്‍ അടുക്കളയുടെ കൗണ്ടര്‍ പ്രവര്‍ത്തിക്കുമെന്നും ഭക്ഷ്യസാധനങ്ങള്‍ക്ക് പുറമെ ഗൃഹോപകരണങ്ങളും തുണിത്തരങ്ങളും ഇലക്ട്രോണിക് ഉല്‍പന്നങ്ങളുമടക്കം വന്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ മേള അവസരം ഒരുക്കുമെന്നും ലുലു വ്യക്തമാക്കി.

 

web desk 1: