X
    Categories: gulfNews

സൗദിയില്‍ 16 മേഖലകളില്‍ പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധം

റിയാദ്: സൗദി അറേബ്യയിലെ 16 മേഖലകളില്‍ പ്രൊഫഷണല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം പതിനായിരത്തിലേറെ പ്രവാസികളെ ബാധിക്കും. തൊഴില്‍ നൈപുണ്യം തെളിയിക്കാനുള്ള പരീക്ഷയില്‍ പരാജയപ്പെടുന്ന തൊഴിലാളികളുടെ ജോലി ഇതോടെ പ്രതിസന്ധിയിലാവും. പുതിയ നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. സൗദി മുന്‍സിപ്പല്‍-ഗ്രാമീണ്യ കാര്യ മന്ത്രാലയമാണ് പുതിയ നിബന്ധന നടപ്പിലാക്കുക.

16 പ്രഫഷനുകളിലെ 72 തസ്തികകള്‍ക്ക് പുതിയ ഉത്തരവ് ബാധകമാകും. എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍, ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍, സാറ്റലൈറ്റ് ടെക്‌നീഷ്യന്‍, പ്ലംബര്‍, ആശാരി, ഇലക്ട്രീഷ്യന്‍, കൊല്ലന്‍, പെയിന്റര്‍, ബില്‍ഡര്‍, ഫര്‍ണിച്ചര്‍ ക്ലീനര്‍, വാട്ടര്‍ ടാങ്ക് ക്ലീനര്‍, ബാര്‍ബര്‍, മരം മുറിക്കാരന്‍, പെസ്റ്റ് കണ്‍ട്രോളര്‍, മെക്കാനിക്ക്, വനിതാ ബ്യൂട്ടീഷ്യന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് നിബന്ധന. ഈ ജോലിയെടുക്കുന്നവര്‍ക്കും ഇഖാമയില്‍ ഈ ജോലി രേഖപ്പെടുത്തിയവര്‍ക്കും പ്രൊഫഷനല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാവും.

രാജ്യത്തെ തൊഴില്‍ മേഖലയുടെ ഗുണമേന്മ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഫലത്തില്‍ ലൈസന്‍സില്ലാതെ ഇഖാമയുള്ളവര്‍ക്ക് ജോലി ചെയ്യാനാകില്ല. സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്ന സമയത്ത് തൊഴിലാളിയുടെ പ്രഫഷണല്‍ ലൈസന്‍സ് ഹാജരാക്കേണ്ടി വരും. മുനിസിപ്പല്‍ മന്ത്രാലയമാണ് ലൈസന്‍സുകള്‍ അനുവദിക്കുക.

സ്വകാര്യ മേഖല ഇതുകാരണം പ്രയാസപ്പെടാതിരിക്കാന്‍ തുടക്കത്തില്‍ സ്ഥാപനത്തിലെ ഒരാളെങ്കിലും പ്രൊഫഷനല്‍ സര്‍ട്ടിഫിക്കറ്റ് നേടണം. എങ്കില്‍ മാത്രമേ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. മലയാളികളടക്കം നിരവധി പേര്‍ ഇഖാമകളോടെ വിവിധ ജോലികള്‍ ചെയ്യുന്നുണ്ട്. ഇവരെല്ലാം ഇഖാമ പുതുക്കുന്ന സമയത്ത് പ്രഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട സാഹചര്യമുണ്ടാകും.

web desk 3: