X
    Categories: gulfNews

അതിരുകള്‍ തുറന്നുവിട്ട ആഹ്ലാദത്തിലേക്ക് ഖത്തറും സഊദിയും; അഭിനന്ദനവുമായി ലോക നേതാക്കളും

അശ്‌റഫ് തൂണേരി

ദോഹ: ഖത്തറിന്റേയും സഊദിഅറേബ്യയുടേയും കര വ്യോമ കടല്‍ അതിര്‍ത്തികള്‍ തുറന്നതോടെ അതിരുകളില്ലാത്ത ആഹ്ലാദത്തിലേക്ക് ഇരു രാജ്യങ്ങളിലെ ജനങ്ങളും അറബ് ലോകവും എത്തിയതായി വിലയിരുത്തല്‍. ഒപ്പം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സഊദി ജി സി സി ഉച്ചകോടിയില്‍ ഖത്തര്‍ സംഘത്തെ നയിച്ചതും ഏറെ ചര്‍ച്ചയായി. രാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ക്കു പുറമെ കുടുംബ ബന്ധങ്ങളില്‍ പോലും വിള്ളലുണ്ടായ വര്‍ഷങ്ങള്‍ നീണ്ട ഉപരോധം അവസാനിപ്പിച്ച നടപടി ജനങ്ങള്‍ ആവേശത്തോടെയാണ് എതിരേറ്റത്.

ഖത്തറിലെ വിവിധ സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലെ അറബ് ജീവനക്കാരും പ്രവാസികളും മധുരം കൈമാറി സന്തോഷം പ്രകടിപ്പിച്ചു. നാല്‍പ്പത്തിയൊന്നാമത് അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സഊദിഅറേബ്യയിലെ അല്‍ഉല പരമ്പരാഗത നഗരത്തിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ കോവിഡ് പ്രോട്ടോക്കോള്‍ വകവെക്കാതെ ആശ്ലേഷിച്ച് സ്വീകരിച്ച സഊദി കിരീടാവകാശിയുടെ ചിത്രം ഇതിനകം വാര്‍ത്താസാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി മാറി. ഖത്തര്‍ കേന്ദ്രമായ അല്‍ജസീറ ഉള്‍പ്പെടെ ചാനലുകള്‍ ലൈവായി ഏറെ സവിശേഷമായ വാര്‍ത്തയായി ഇത് അവതരിപ്പിച്ചു. കോവിഡ് പരിഗണിച്ച് മറ്റ് പല അറബ് നേതാക്കളെ ഹസ്തദാനം ചെയ്യാന്‍ പോലും സഊദി കിരീടാവകാശി താത്പര്യപ്പെടാത്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇരു നേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും നേരിട്ടും പ്രവഹിക്കുകയാണ്. അതിര്‍ത്തി തുറന്ന് ഉപരോധം അവസാനപ്പിച്ച നടപടിയും ലോക നേതാക്കള്‍ സ്വാഗതം ചെയ്യുകയും പ്രശംസിക്കുകയുമുണ്ടായി. വിവിധ രാഷ്ട്ര നേതാക്കള്‍ക്കു പുറമെ ഐക്യരാഷ്ടസഭയുടെ ജനറല്‍അസംബ്ലിയുടെ എഴുപത്തിയഞ്ചാമത് സെഷന്‍ അധ്യക്ഷന്‍ ബോള്‍കാന്‍ ബോസ്‌കിര്‍ നടപടി സ്വാഗതം ചെയ്തു. സഊദി ഖത്തര്‍ അതിര്‍ത്തികള്‍ തുറന്നത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ വീണ്ടും ഒരുമിക്കുന്നതിന്റെ ഒന്നാം ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് ഇക്കാര്യത്തില്‍ ചെയ്ത നയതന്ത്ര നീക്കം സ്തുത്യര്‍ഹമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തറിലെ ഇംഗ്ലീഷ്അറബ് വാര്‍ത്താ മാധ്യമങ്ങള്‍ ഗള്‍ഫ് ഐക്യം തിരിച്ചുവരുന്നുവെന്നാണ് എഡിറ്റോറിയല്‍ എഴുതിയത്. പ്രമുഖ അറബ് പത്രമായ അല്‍റായ, ഇംഗ്ലീഷ് ദിനപത്രമായ ദി പെനിന്‍സുല എന്നിവ തങ്ങളുടെ എഡിറ്റോറിയല്‍ കോളത്തില്‍ ഗള്‍ഫ് ഒത്തൊരുമയിലേക്കെത്താന്‍ കഠിന പരിശ്രമം നടത്തിയ കുവൈത്തിനേയും അതിന്റെ നേതാക്കളുടെ ശ്രമത്തെയുമാണ് എടുത്തുപറഞ്ഞത്.

 

web desk 3: