X

ജസീന്ത ആര്‍ഡന്‍, ന്യൂസിലന്റിന്റെ ഓരോ അണുവിലും ഹൃദയം പതിപ്പിച്ച സ്ത്രീ നന്മ ; മുനവറലി തങ്ങള്‍

മലപ്പുറം: ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയതില്‍ അഭിവാദ്യം അര്‍പ്പിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. സമാധാന കാംക്ഷികള്‍ക്കും മനുഷ്യ സ്‌നേഹികള്‍ക്കും ആ പേര് നല്‍കുന്ന ഊര്‍ജം വലുതാണെന്ന് തങ്ങള്‍ പറഞ്ഞു. ഭീകരാക്രമണം, കോവിഡ് പകര്‍ച്ച വ്യാധി, അഗ്നി പര്‍വത സ്‌ഫോടനം, സാമ്പത്തിക ഞെരുക്കം തുടങ്ങിയവയെല്ലാം ജസീന്ത വിജയകരമായി നേരിട്ട രീതിയെ തങ്ങള്‍ പ്രശംസിച്ചു.

സയ്യിദ് മുനവറലി തങ്ങളുടെ ഫെയ്‌സ്ബുക് കുറിപ്പ് മുഴുവന്‍ വായിക്കാം:

ജസീന്ത ആര്‍ഡന്‍;
ലോകത്തെ സമാധാനകാംക്ഷികള്‍ക്കും മനുഷ്യ സ്‌നേഹികള്‍ക്കും ആ പേര് നല്‍കുന്ന ഊര്‍ജ്ജം വലുതാണ്. വംശീയ ഫാഷിസത്തിന്റെയും അധികാര, സാമ്പത്തിക കിടമത്സരങ്ങളുടേയും ഈ കാലത്ത് പ്രത്യേകിച്ചും.
ന്യൂസിലാന്‍ഡ് എന്ന രാജ്യത്തിന്റെ ഓരോ അണുവിലും തന്റെ ഹൃദയം പതിപ്പിച്ച, ഒരു ഭരണാധികാരിക്കു വേണ്ട മനുഷ്യകാരുണ്യത്തിന്റെയും അലിവിന്റെയും ഉത്സാഹത്തിന്റെയും സ്ത്രീ നന്മയാണത്. ലോകത്തെ വിസ്മയിപ്പിച്ച ലേബര്‍ പാര്‍ട്ടിയുടെ ഈ ഭരണത്തുടര്‍ച്ചയെ അക്ഷരംപ്രതി അര്‍ഹതക്കുള്ള അംഗീകാരമെന്ന് ലോകം വാഴ്ത്തുന്നതിന്റെ കാരണവും ജസിന്ത ആന്‍ഡേണ്‍ എന്ന ഭരണാധികാരിയുടെ വ്യക്തിപ്രഭാവമാണ്.
ഭീകരാക്രമണത്തില്‍ രാജ്യം തന്നെ പതറിയപ്പോള്‍, ഇരയാക്കപ്പെട്ട ന്യൂനപക്ഷ സമൂഹത്തിന്റെ വേദനയെ സ്വന്തം വേദനയായി തിരിച്ചറിയുകയും അവരേയും രാജ്യത്തേയും ചേര്‍ത്തു പിടിക്കുകയും ചെയ്തു ആ മനുഷ്യ സ്‌നേഹി. അഗ്‌നി പര്‍വ്വത സ്‌ഫോടനം, കോവിഡ് പകര്‍ച്ച വ്യാധി, സാമ്പത്തിക ഞെരുക്കം തുടങ്ങിയ പ്രതിസന്ധികളെല്ലാം എത്ര ഫലപ്രദമായിട്ടാണ് അവര്‍ അതിജീവിച്ചത്. അന്‍പതു ശതമാനത്തിലധികം വോട്ടു നേടി ലോകം ദര്‍ശിച്ച ഈ പുതുയുഗത്തിലെ ഏറ്റവും മികച്ച ഭരണാധികാരി വീണ്ടും ന്യൂസിലാന്‍ഡ് ജനതയെ പ്രതിനിധീകരിക്കുന്നതില്‍ ഒട്ടും അത്ഭുതത്തിന് ഇടമില്ല.
പ്രോഗ്രസ്സീവ് ഇന്റര്‍നാഷണലും ജീവിക്കാനായി സമരം ചെയ്യുന്ന ലോകങ്ങുമുള്ള പൗര/ജനസമൂഹവും മനുഷ്യ സ്‌നേഹികളും ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത് നിന്നുപോലും ഈ ഭരണാധികാരിയുടെ രണ്ടാമൂഴത്തെ സന്തോഷത്തോടെ അഭിവാദനം ചെയ്യുന്നു.
അഭിവാദ്യങ്ങള്‍..

web desk 1: