ജബല്‍പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മധ്യപ്രദേശിലെ റോഡ് ഷോക്കിടെ പൊട്ടിത്തെറി. ജബല്‍പൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ നടത്തിയ റോഡ് ഷോക്കിടെയായിരുന്നു സംഭവം. ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ നിന്ന് തലനാരിഴക്കാണ് രാഹുല്‍ രക്ഷപ്പെട്ടത്.

റോഡ് ഷോക്കിടയില്‍ രാഹുല്‍ ഗാന്ധി നാട്ടുകാരെ അഭിസംബോധന ചെയ്തുകൊണ്ട് തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു. ഈ സമയത്താണ് ബലൂണില്‍ തീ പിടിച്ചത്. രാഹുല്‍ ഗാന്ധിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന തട്ടിലെ ബലൂഷാണ് പൊട്ടിത്തെറിച്ചത്. സംഭവം നടന്നയുടനെ പ്രത്യേക സുരക്ഷാസേന സംഭവ സ്ഥലത്തത്തി ജനങ്ങളെ മാറ്റുകയായിരുന്നു. രാഹുലിന് സുരക്ഷ ഒരുക്കുകയും ചെയ്തു.

എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയാണ് രാഹുല്‍ ഗാന്ധി ജബല്‍പൂരില്‍ നടത്തിയത്. നര്‍മ്മദ നദീ തീരത്തു നിന്നും ആരംഭിച്ച റോഡ് ഷോ ജബല്‍പൂര്‍ വെസ്റ്റ്, ജബല്‍പൂര്‍ നോര്‍ത്ത് സെന്‍ട്രല്‍, ജബല്‍പൂര്‍ ഈസ്റ്റ് എന്നീ നിയോജക മണ്ഡലങ്ങള്‍ വഴിയാണ് കടന്നു പോയത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനെ അനുഗമിച്ചിരുന്നു.

watch video: