X

അഭിമാനം കെ.എം.സി.സി

കമാല്‍ വരദൂര്‍

സ്‌നേഹം എന്ന പദത്തിന് മണലാരണ്യത്തില്‍ ലഭിക്കുന്ന വലിയ പര്യായമാണ് കെ.എം.സി.സി. ഖത്തര്‍ ലോകകപ്പിലെ വോളണ്ടിയര്‍ സംഘത്തില്‍ നിറയെ കെ.എം.സി.സിയുടെ യുവപ്രതിഭകളാണ്. എവിടെ തിരിഞ്ഞാലും സുന്ദരമായ ഇംഗ്ലീഷിലും അറബിയിലും കണ്‍മുന്നില്‍ മലയാളിയാണെങ്കില്‍ മലയാളത്തിലും സേവനതുരതരായി അവരുണ്ട്. കൊച്ചു രാജ്യത്തില്‍ അവര്‍ അതിഥികളല്ല, ആതിഥേയരാണ്. 20,000 മാണ് വോളണ്ടയിര്‍ സൈന്യം. അതില്‍ എല്ലാ രാജ്യക്കാരുമുണ്ട്. വിമാനത്താവളം മുതല്‍ എല്ലാവരും സജീവം. ഹോസ്പിറ്റാലിറ്റിയിലും അക്രഡിറ്റേഷനിലും ട്രാന്‍സ്‌പോര്‍ട്ടേഷനിലും ഫാന്‍ സോണുകളിലും മനോഹരമായ ലോകകപ്പ് യൂണിഫോമില്‍ അവര്‍ സുസജ്ജരായി പ്രവര്‍ത്തിക്കുന്നത് കാണുമ്പോള്‍ മലയാളം അഭിമാനമാവുന്നു.

1930 ല്‍ യുറഗ്വായില്‍ തുടങ്ങിയ ലോകകപ്പ് ചരിത്രത്തില്‍ ഇത്രയേറെ മലയാളവും ഇന്ത്യയും നിറയുന്നത് ഇതാദ്യം. ഫിഫ തലവന്‍ ജിയോവനി ഇന്‍ഫാന്‍ഡിനോ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ഇന്ത്യയെ അഭിനന്ദിച്ചത് വെറുതെയല്ല. ഖത്തര്‍ വാസത്തില്‍ അദ്ദേഹത്തിനും മനസിലായിരിക്കുന്നു ഇന്ത്യയും മലയാളവും നിറയുന്ന കാഴ്ച്ചകള്‍. ഖത്തറിനോടുള്ള രാഷ്ട്രീയ ശത്രുതയില്‍ പാശ്ചാത്യ ലോബികള്‍ ഇല്ലാ കഥകള്‍ മെനയുന്നു. ചന്ദ്രികയുടെ ഫോട്ടോഗ്രാഫര്‍ റുബിനാസ് കോട്ടേടത്ത് പകര്‍ത്തിയ മലയാളിയുടെ ഫാന്‍ ചിത്രമാണ് ചില യൂറോപ്യന്‍ സൈറ്റുകള്‍ ഖത്തര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന പാക്കിസ്താന്‍ ഫാന്‍സ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. നുണകളുടെ പ്രചാരകരായി യൂറോപ്പ് മാറവെ ശനിയാഴ്ച്ച രാത്രി ലുസൈലില്‍ ബ്രട്ടീഷ് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ ജെയിംസ് റോഡ്‌വെല്‍ഡറ്റിനെ കണ്ടു. സംസാരം ഖത്തറും സംഘാടനവുമായപ്പോള്‍ അദ്ദേഹം സത്യം പറഞ്ഞു ഇവിടെ വന്നപ്പോള്‍ എന്റെ തെറ്റിദ്ധാരണ മാറി. നൂറ് ശതമാനം ഫുട്‌ബോള്‍ പ്രേമികളുടെ ലോകകപ്പ്. ഒരു പരാതിയും ഞാന്‍ കേട്ടില്ല. മൂന്ന് ദിവസമായി ഖത്തറില്‍. പലരോടും സംസാരിച്ചു. എല്ലാവരും ഹാപ്പി. ഇത് വാര്‍ത്തയാക്കുമോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എന്നായിരുന്നു ജെയിംസിന്റെ മറുപടി. പരാതികള്‍ ഇത് വരെ ആര്‍ക്കുമില്ല. കഴിഞ്ഞ ദിവസം മെയിന്‍ മീഡിയ സെന്ററില്‍ ഖത്തര്‍ അമീര്‍ ഷെയിക്ക് തമീം ബിന്‍ ഖലീഫാ അല്‍താനി നടത്തിയ മിന്നല്‍ സന്ദര്‍ശനത്തെക്കുറിച്ച് മീഡിയാ സെന്ററിലെ കെ.എം.സി.സി വോളണ്ടിയറായ ഷംസു വാണിമേല്‍ പറഞ്ഞു.

ഇന്നലെ ഉദ്ഘാടന മല്‍സരത്തിന് സാക്ഷിയായ അല്‍ കോറിലെ അല്‍ബൈത്ത് സ്‌റ്റേഡിയത്തിലെ ഗ്യാലറി ചുമതലയിലുള്ള ഹംസ കരിയാട് പറഞ്ഞത് ഉദ്ഘാടന മല്‍സരത്തിന് മുമ്പ് തന്നെ ഗ്യാലറിയിലെ വിവിധ കാറ്റഗറി ഇരിപ്പിടക്കാരെ ഒരു പ്രയാസവുമില്ലാതെ സുരക്ഷിതരായി ഇരുത്താനായി എന്നാണ്. എല്ലാ കാര്യത്തിലുമുള്ള ശ്രദ്ധയും ജാഗ്രതയും അത്രമാത്രമുണ്ട്. ലുസൈല്‍ നഗരം ശനിയാഴ്ച്ച രാത്രിയില്‍ കെ.എം.സി.സിയുടെയും മലയാളികളുടെയും കരങ്ങളിലായിരുന്നു. കേരളത്തിലെ പതിനാല് ജില്ലകളിലെ പ്രവര്‍ത്തകര്‍, സ്വന്തം ജില്ലാ പതാകക്ക് കീഴെ അണിനിരന്നപ്പോള്‍ കാഴ്ച്ചകാര്‍ക്കത് സമ്മോഹന അനുഭവമായി. മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലും മുദ്രാവാക്യങ്ങള്‍, ബാന്‍ഡ് മേളങ്ങള്‍, മാപ്പിളപ്പാട്ടുകളുടെ ഈരടികള്‍…. നര്‍ത്തകരായി വിദേശികള്‍ പോലും അണിനിരന്നപ്പോള്‍ അര്‍ധരാത്രിയും പിന്നിട്ടു ആഘോഷം. പക്ഷേ പുലരുവോളം ലുസൈല്‍ മെട്രോ വഴി കാഴ്ച്ചകള്‍ ആസ്വദിക്കുന്നവരുടെ വരവായിരുന്നു. അവരില്‍ ഫലസ്തീനികളുണ്ട്, ഇറാനികളുണ്ട്, ലെബോനോണികളുണ്ട്, ഇംഗ്ലീഷുകാരുണ്ട്, ജര്‍മന്‍കാരുണ്ട്, സ്പാനിഷുകാരുണ്ട്. ഇവര്‍ക്കാര്‍ക്കും ഒരു പരാതികളുമില്ല. പിന്നെയാര്‍ക്കാണ് കോപം എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം. മല്ലൂസ് അഥവാ മലയാളികള്‍ ഉച്ചത്തില്‍ പറയുന്നു ഈ ലോകകപ്പ് മലയാളമാണ്. കെ.എം.സി.സി നേതൃത്വം പറയുന്നു ഖത്തര്‍ ലോകകപ്പ് നമ്മുടെ ലോകകപ്പാണെന്ന്…. ഖത്തറികള്‍ പറയുന്നു ഇത് ലോകത്തിന്റെ ലോകകപ്പാണെന്ന്. ഡിസംബര്‍ 18 നാണല്ലോ ഫൈനല്‍. അന്ന് ആര് ജയിച്ചാലും ഖത്തര്‍ ലോകകപ്പിലെ വലിയ വിജയി മറ്റാരുമായിരിക്കില്ല ഖത്തര്‍ തന്നെ.

web desk 3: