തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം ആസൂത്രിതമാണെന്ന് ആരോപിച്ചാണ്
സെക്രട്ടേറിയേറ്റിന് മുന്നില്‍ സംഘര്‍ഷം.സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും സൂക്ഷിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു.

തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രോട്ടോക്കോള്‍ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.