പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ടൈംസ് ഓഫ് ഇന്ത്യയിലെ സീനിയര്‍ പത്രപ്രവര്‍ത്തകന്‍ അക്ഷയ മുകുള്‍, രാംനാഥ് യോഗങ്ക അവാര്‍ഡ് ദാനച്ചടങ്ങ് ബഹിഷ്‌കരിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് നല്‍കുന്ന ഗോയങ്ക സ്മാരക പുരസ്‌കാരങ്ങളില്‍ അക്ഷയ മുകുളിന്റെ ‘ഗീതാ പ്രസ്സും ഹിന്ദു ഇന്ത്യയുടെ നിര്‍മിതിയും’ (Gita Press and the Making of Hindu India) എന്ന പുസ്തകം മികച്ച നോണ്‍ ഫിക്ഷന്‍ ഗ്രന്ഥത്തിനുള്ള പുരസ്‌കാരമാണ് നേടിയത്. അക്ഷയ മുകുളിന് പകരം, പുസ്തകം പ്രസിദ്ധീകരിച്ച ഹാര്‍പര്‍കോളിന്‍സ് ഇന്ത്യ ചീഫ് എഡിറ്റര്‍ കൃഷ്ണന്‍ ചോപ്ര പുരസ്‌കാരം ഏറ്റുവാങ്ങി.

20 വര്‍ഷത്തോളമായി ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ടറായ അക്ഷയ മുകുളിന്റെ ‘ഗീതാ പ്രസ്’ ടാറ്റ ലിറ്ററേച്ചര്‍ ലൈവ് അവാര്‍ഡും ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പ്രൈസുമടക്കമുള്ള പുരസ്‌കാരം നേടിയ ഗ്രന്ഥമാണ്. പത്രപ്രവര്‍ത്തന രംഗത്തെ ഉന്നത പുരസ്‌കാരങ്ങളിലൊന്നായി കരുതപ്പെടുന്ന രാംനാഥ് ഗോയങ്ക അവാര്‍ഡ്, തന്റെ കൃതിക്ക് ലഭിച്ചതില്‍ അദ്ദേഹം സന്തുഷ്ടനുമായിരുന്നു. എന്നാല്‍, മോദിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വരുമെന്നതിനാല്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു അദ്ദേഹം എന്ന് ‘ദി കാരവനി’ല്‍ സന്ദീപ് ഭൂഷണ്‍ എഴുതുന്നു.

mukul-book

‘ഞാനും മോദിയും ഒരേ ഫ്രെയിമില്‍ ഉണ്ടാവുകയും ക്യാമറക്കു നേരെ ചിരിക്കുകയും പുരസ്‌കാരം നല്‍കുമ്പോള്‍ ഹസ്തദാനം നടത്തുകയും ചെയ്യുക എന്ന ആശയത്തില്‍ ജീവിക്കാന്‍ എിക്ക് കഴിയില്ല’ – മുകുള്‍ പറഞ്ഞു. ഫെബ്രുവരിയില്‍ കനയ്യ കുമാറിന്റെ കേസിനിടെ പട്യാല കോടതിയില്‍ ബി.ജെ.പി നേതാവ് ഒ.പി ശര്‍മയുടെ നേതൃത്വത്തിലുള്ള ഗുണ്ടകള്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തെപ്പറ്റി മുകുള്‍ സ്മരിച്ചതായും സന്ദീപ് ഭൂഷന്റെ ലേഖനത്തില്‍ പറയുന്നു.

മോദിയെ പുരസ്‌കാരത്തിന് ക്ഷണിച്ചതില്‍ ഇന്ത്യന്‍ എക്‌സ്പ്രസിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു തന്നെ അതൃപ്തിയുണ്ടെന്നും ലേഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.