തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ജീവനക്കാരിയെ സ്ഥലം മാറ്റിയ ഉത്തരവ് ഡി.ജി.പി സെന്‍കുമാര്‍ പിന്‍വലിച്ചു. സെന്‍കുമാര്‍ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. താന്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരോട് പഴയ നില തുടരാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി.

പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന്റെ ഉത്തരവാദിത്തം ഡി.ജി.പിക്കാണെങ്കിലും സര്‍ക്കാരുമായി ഏറ്റുമുട്ടലിന് നില്‍ക്കേണ്ടതില്ലെന്നാണ് സെന്‍കുമാറിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാര്‍ ഉത്തരവ് പിന്‍വലിച്ചത്. പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വകുപ്പായ ടി ബ്രാഞ്ച് മേധാവിയായിരുന്ന ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ പൊലീസ് ആസ്ഥാനത്തു നിന്ന് സ്ഥലം മാറ്റിയതാണ് വിവാദമായത്.
ബീനയെ ടി ബ്രാഞ്ചില്‍ നിന്നും യു ബ്രാഞ്ചിലേക്കും മറ്റൊരു ജൂനിയര്‍ സൂപ്രണ്ടായ സജീവ് ചന്ദ്രനെ ടി ബ്രാഞ്ചിലേക്കും ജൂനിയര്‍ സൂപ്രണ്ടായ ഗീതയെ എന്‍ ബ്രാഞ്ചില്‍ നിന്നും യു ബ്രാഞ്ചിലേയ്ക്കും മാറ്റി നിയമിച്ചിരുന്നു. എന്നാല്‍ കുമാരി ബീന പുതിയ സ്ഥാനം ഏറ്റൈടുക്കാന്‍ വിസമ്മതിച്ചു. കുടാതെ ബീനയെ മാറ്റി ആ സ്ഥാനത്തു നിയമിച്ച സജീവ് ചന്ദ്രനും പുതിയ സ്ഥാനം ഏറ്റെടുത്തില്ല. ഇതേ തുടര്‍ന്ന് എസ്.എ.പിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ സെന്‍കുമാര്‍ ടി ബ്രാഞ്ചില്‍ നിയമിച്ചു. പകരം ബീനയെ പേരൂര്‍ക്കട എസ്.എ.പിയിലേക്കും മാറ്റി നിയമിച്ചു.
സ്ഥലം മാറ്റത്തിനെതിരെ ബീന ചീഫ് സെക്രട്ടറി നളിനി നെറ്റോക്കും ആഭ്യന്തരവകുപ്പ് സെക്രട്ടറി സുബ്രതാ ബിശ്വാസിനും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും സെന്‍കുമാര്‍ വിശദീകരണം നല്‍കിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
അതെ സമയം, സെന്‍കുമാര്‍ നിലപാട് വ്യക്തമാക്കിയിട്ടും പിണറായി സര്‍ക്കാരിന് സെന്‍കുമാറിനോടുള്ള അതൃപ്തി തുടരുകയാണ്. കേന്ദ്രത്തിനയക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമാകാനുള്ള ശുപാര്‍ശ അടങ്ങിയ ഫയലില്‍ സെന്‍കുമാരിനെതിരായ കുറിപ്പുകൂടി ചേര്‍ക്കാര്‍ തീരുമാനിച്ചതാണ് ഒടുവിലത്തെ നടപടി. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്ത ഉദ്യോഗസ്ഥനായ സെന്‍കുമാര്‍ വിശ്വാസ്യത ഇല്ലാത്ത ഉദ്യോഗസ്ഥനാണെന്നാണ് കുറിപ്പിലെ പ്രധാന പരാമര്‍ശം. പല പരാതികളിലും അന്വേഷണം നടക്കുകയാണെന്നും സെലക്ഷന്‍ നടക്കുമ്പോള്‍ ഇത് മറച്ചു വച്ചു എന്നും അയതിനാല്‍ പുതിയ വിജ്ഞാപനം ഇറക്കി യോഗ്യതയുള്ള ഐ.എ.എസുകാരെ നിയമിക്കണമെന്നുമാണ് കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.