ബെംഗളൂരു: ബി.ജെ.പി ഭരണത്തില്‍ നിന്ന് മതത്തെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയും പാകിസ്താനെ പോലെയാവുമെന്ന് നടന്‍ പ്രകാശ് രാജ്. ഫാസിസ്റ്റ് ശക്തികള്‍ എപ്പോഴും രാജ്യത്തെ ദുരന്തത്തിലേക്കാണ് നയിക്കുക, ഹിറ്റ്‌ലറുടെ ഉദാഹരണങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയെ നിരന്തരം വിമര്‍ശിച്ച് രംഗത്തെത്തുന്ന പ്രകാശ് രാജ്, താന്‍ രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നതെന്നും അവരുടെ ശബ്ദമാണ് തന്നിലൂടെ പുറത്തു വരുന്നതെന്നും കുട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന ചോദ്യത്തിന് താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയത്തിലാണ്. രാഷ്ട്രീയം എന്നാല്‍ രാജ്യത്തെ ജനങ്ങളെ സേവിക്കുകയെന്നതാണ്. ജനങ്ങളുടെ പ്രയാസങ്ങള്‍ പുറത്തു കൊണ്ടുവരുന്നതിലൂടെ ഞാന്‍ അതിന് തുടക്കം കുറിച്ചിരിക്കുന്നു. ഏതെങ്കിലും കൊടിയുടെയോ പാര്‍ട്ടിയുടെയോ കീഴില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാഷ്ട്രീയ പ്രവര്‍ത്തകനാവൂ എന്ന വിശ്വാസം തനിക്കില്ല, പ്രകാശ് രാജ് പറഞ്ഞു.

ഇപ്പോള്‍ എന്റെ ലക്ഷ്യം രാജ്യത്ത് ബി.ജെ.പി നടത്തുന്ന കൊള്ളത്തരങ്ങള്‍ ജനങ്ങളില്‍ ഓര്‍മപ്പെടുത്തുകയെന്നാണ്. അവര്‍ അവരുടെ തെറ്റുകളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കും, അതു അവരുടെ തന്ത്രമാണ്. പക്ഷെ അവരുടെ തെറ്റുകള്‍ ജനങ്ങളെ എപ്പോഴും ഓര്‍മപ്പെടുത്തലാണ് എന്റെ ജോലി പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. 2019 പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ ബി.ജെ.പി വരില്ലെന്നും അദ്ദേഹം പറഞ്ഞു.