X

എസ്.ബി.ഐക്ക് തിരിച്ചടി; ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ നാളെ തന്നെ കൈമാറണമെന്ന് സുപ്രിംകോടതി

ഇലക്ടറൽ ബോണ്ട് കേസിൽ സാവകാശം തേടി എസ്ബിഐ. കോടതി നിർദ്ദേശം പാലിച്ച് ഇലക്ട്രൽ ബോണ്ടുകൾ നൽകുന്നത് നിർത്തി എന്ന് എസ്ബിഐയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. സമയം തേടിയ എസ്ബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു. ഉത്തരവ് പാലിക്കണമെന്നറിയിച്ച കോടതി ഫെബ്രുവരി 15 മുതൽ ഇന്നുവരെ എന്ത് ചെയ്യുകയായിരുന്നു എന്നും ചോദിച്ചു.

കോർ ബാൻകിംഗ് സവിധാനത്തിലെ സാങ്കേതിക വിഷയങ്ങൾ മറികടക്കാനാണ് സാവകാശം എന്നാണ് എസ്ബിഐ വാദിച്ചത്. ഡോണർ വിവരങ്ങൾ മുംബൈ മുഖ്യ ശാഖയിൽ ഇല്ലേ എന്ന് കോടതി ചോദിച്ചു. തീയതി, പേര്, തുക എന്നീ വിവരങ്ങൾ പരസ്യമക്കേണ്ടതിലാണ് ബുദ്ധിമുട്ട് എന്ന് എസ്ബിഐ അറിയിച്ചു. ഇലക്ടറൽ ബോണ്ടിനായി ഉണ്ടാക്കിയ സംവിധാനത്തിൽ ഇവയെല്ലാം വ്യത്യസ്ത ഇടങ്ങളിലാണ് സൂക്ഷിച്ചിരിയ്ക്കുന്നത്. വിവരങ്ങൾ പരസ്യമാക്കില്ല എന്നല്ല, ക്യത്യമായി പരസ്യപ്പെടുത്താൻ സമയം വേണം എന്നതാണ് തങ്ങളുടെ ആവശ്യം എന്നും എസ്ബിഐ വാദിച്ചു.

നിങ്ങൾ രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണല്ലോ എന്ന് സുപ്രിം കോടതി പറഞ്ഞു. വിവരങ്ങൾ രണ്ട് ഇടങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ ഉത്തരവ് പാലിക്കാൻ ബുദ്ധിമുട്ടാണെന്നാണോ? എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ഉത്തരവിൽ കൃത്യമായിരുന്നല്ലോ. 15 ഫെബ്രുവരി മുതൽ ഇന്ന് വരെ എന്ത് ചെയ്തെന്നും സുപ്രിം കോടതി ചോദിച്ചു.

ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ വിശദമാക്കാമെന്ന് എസ്ബിഐ അറിയിച്ചു. വിവരങ്ങൾ ക്യത്യമായ രേഖകളാക്കുക സങ്കീർണമായ നടപടിയാണ്. വേഗം കൂടിയാൽ തെറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

അത് ഒഴിവാക്കാനാണ് സമയം വേണ്ടത് എന്നും എസ്ബിഐ വാദിച്ചു. ഉത്തരവ് ലളിതമായി പാലിയ്ക്കാൻ സാധിയ്ക്കുന്നതാണെന്ന് കോടതി പറഞ്ഞപ്പോൾ ലളിതമായി ഉത്തരവ് പലിയ്ക്കാൻ ശ്രമിച്ചാൽ തെറ്റുകൾ ഉണ്ടാകുമെന്ന് എസ്ബിഐ മറുപടി നൽകി. ബോണ്ടുകളുടെ സംഖ്യയും അത് വാങ്ങിയവരുടെ പേരും അടക്കം തെറ്റാൻ സാധ്യതയുണ്ട് എന്നും എസ്ബിഐ പറഞ്ഞു.

ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിനെ ഇത്ര ലളിതമായാണോ കൈകാര്യം ചെയ്യേണ്ടത് എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കേവലം ഒരു അപേക്ഷ സമർപ്പിച്ച് ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിൽ ഭേഭഗതി ആവശ്യപ്പെടുന്നത് എങ്ങനെയാണ് എന്നും അദ്ദേഹം ചോദിച്ചു. അനിവാര്യതയാണ് അപേക്ഷയുടെ അടിസ്ഥാനം എന്ന് വാദിച്ച എസ്ബിഐ സാഹചര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിയ്ക്കാൻ തയ്യാറാണെന്നും അറിയിച്ചു. ആര് ബോണ്ട് വാങ്ങി എന്നത് 3 ആഴ്ചകൾക്കകം നൽകാൻ സാധിയ്ക്കുമെന്നും എസ്ബിഐ പറഞ്ഞു.

അപേക്ഷയുടെയും കെ.വൈ.സി യുടെയും അടിസ്ഥാനത്തിൽ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ വങ്ങാൻ അനുവദിച്ചിരുന്നുള്ളു എന്നത് വസ്തുതയാണ് എന്ന് നിരീക്ഷിച്ച കോടതി രാഷ്ട്രിയ പാർട്ടികൾക്ക് കറണ്ട് അകൌണ്ടിലൂടെ 19 ഡെസിഗനേറ്റഡ് ബ്രാഞ്ചുകളിലൂടെ മാത്രമേ ഇലക്ടറൽ ബോണ്ട് വാങ്ങാൻ സാധിച്ചിരുന്നുള്ളു എന്നത് വസ്തുതയാണെന്നും കൂട്ടിച്ചേർത്തു. സമയം നീട്ടിനൽകണമെന്ന എസ്ബിഐയുടെ വാദം കോടതി തള്ളി.

ജൂൺ 31 വരെ സമയം വേണമെന്ന ആവശ്യമാണ് തള്ളിയത്. നാളെതന്നെ എസ്ബിഐ വിവരങ്ങൾ കൈമാറണം. 15 മാർച്ചിന് മുൻപ് ഈ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിയ്ക്കണം. നാളെ 5:30ന് മുൻപ് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകണം എന്നാണ് ഉത്തരവ്. കോടതിയുടെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ എസ്ബിഐക്കെതിരെ കർശന നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് വരെ നല്കിയ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും.

webdesk13: