കൊച്ചി: ദളിത് യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രമുഖ ചാനല്‍ ക്യാമറമാനെതിരെ കേസ്. എടത്തിരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ മതിലകം പോലീസ് കേസെടുത്തു.

കൊച്ചിയിലെ പ്രമുഖ ചാനലിന്റെ ക്യാമറാമാനെതിരെയാണ് കേസ്. യുവതിയുടെ പരാതിയില്‍ ഇയാള്‍ നാല് വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് പറയുന്നത്. നിലമ്പൂരില്‍വെച്ചായിരുന്നു പരിചയപ്പെട്ടതെന്നും പിന്നീട് നിരവധി സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ വെച്ചായിരുന്നു ഇരുവരും സുഹൃത്തുക്കളാകുന്നത്. 2012 മുതല്‍ 2016 വരെ ഗുരുവായൂര്‍, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു. പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.

ഇരിങ്ങാലക്കുട വനിത പൊലീസ് സെല്ലില്‍ യുവതി പരാതി നല്‍കി. ഇയാള്‍ യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. പരാതിയില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും.