തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ് പ്രതിയുടെ വീട്ടില്‍ സര്‍വകലാശാല ഉത്തരക്കടലാസ്. അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നാണ് ഇത് പിടിച്ചെടുത്തത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ ആറ്റുകാല്‍ മേടമുക്ക് കാര്‍ത്തികനഗറിലെ വീട്ടില്‍ കന്റോണ്‍മെന്റ് പൊലീസ് നടത്തിയ പരിശോധനയിലാണ് കേരള സര്‍വകലാശാല പരീക്ഷയ്ക്ക് ഉത്തരം എഴുതേണ്ട അഡീഷനല്‍ ഷീറ്റുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഉദ്യോഗസ്ഥന്റെ സീലും കണ്ടെത്തിയത്. ഇതു റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പ്രതിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തു.

കോപ്പിയടിച്ചാണ് നേതാക്കള്‍ പരീക്ഷകളില്‍ ജയിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവവികാസം. എസ്യഎഫ്യഐ നേതാക്കള്‍ പൊലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതില്‍ അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് പ്രതികളുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്. യൂണിവേഴ്‌സിറ്റി കോളജില്‍ തന്നെ പരീക്ഷ എഴുതാന്‍ അനധികൃത സൗകര്യം ഒരുക്കിക്കൊടുത്തുവെന്ന ആക്ഷേപത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. പി.എസ്.സിയെ സമീപിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.