X

ദര്‍ശനത്തിനെത്തിയ സ്ത്രീയെ കൈയേറ്റം ചെയ്തു: 200 പേര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനി ലളിതാ രവി(52)യെ തടഞ്ഞ സംഭവത്തില്‍ പൊലീസ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുത്തു. ലളിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ ഏഴോടെ ചടങ്ങിനെത്തിയ യുവതിക്ക് അന്‍പത് വയസില്‍ താഴെയാണ് പ്രായമെന്ന് പറഞ്ഞ് ഭക്തര്‍ വലിയനടപ്പന്തലില്‍ തടഞ്ഞിരുന്നു. ഇതോടെ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിക്കുകയായിരുന്നു.

ബഹളത്തിനിടയില്‍ സംഘത്തിനൊപ്പമെത്തിയ യുവാവിന് മര്‍ദ്ദനമേറ്റു. തൃശൂര്‍ തിരൂര്‍ കണ്ടങ്ങേത്ത് വീട്ടില്‍ മൃദുലിനാണ് (23) മര്‍ദ്ദനമേറ്റത്. പ്രതിഷേധം പകര്‍ത്തുന്നതിനിടെ അമൃതാ ടി.വി കാമറാമാന്‍ ബിജുവിന് തേങ്ങകൊണ്ട് തലയ്ക്ക് അടിയേറ്റു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെയും കാമറാമാനെയും പ്രതിഷേധക്കാര്‍ വളഞ്ഞപ്പോഴേക്കും ഇവര്‍ ഓടിരക്ഷപ്പെട്ടു. മാദ്ധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചപ്പോള്‍ ഇത് തടയാതെ പൊലീസുകാര്‍ മാറിനിന്നെന്നും ആരോപണമുണ്ട്.

chandrika: