ശക്തികാന്ത ദാസ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റു

മുംബൈ: ശക്തികാന്ത ദാസ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റു. മുംബൈയില്‍ റിസര്‍വ്വ് ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സ്ഥാനം ഏറ്റെടുത്തത്. ഊര്‍ജിത് പട്ടേല്‍ രാജിവെച്ച ഒഴിവിലാണിത്.

1980 ബാച്ച് ഐ.എ.എസുകാരനായ ഇദ്ദേഹം ധനമന്ത്രാലയത്തില്‍ ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയായിട്ടാണ് റിട്ടയര്‍ ചെയ്തത്. 15-ാം ധനകാര്യ കമ്മീഷന്‍ അംഗമായിരുന്ന അദ്ദേഹം പുതിയ നിയമനത്തോടെ ആ പദവി രാജിവെച്ചിരുന്നു.

തമിഴ്‌നാട്ടില്‍ വാണിജ്യനികുതി, റവന്യു വകുപ്പുകളുടെ സെക്രട്ടറി, റവന്യു സ്‌പെഷ്യല്‍ കമ്മീഷ്ണര്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവികള്‍ ശക്താകാന്ത ദാസ് വഹിച്ചിട്ടുണ്ട്. ദിണ്ഡിഗലിലും കാഞ്ചീപുരത്തും കളക്ടറായിരുന്നു. കേന്ദ്രത്തില്‍ എക്‌സ്‌പെന്റീച്ചര്‍ വകുപ്പില്‍ ജോയിന്റ് സെക്രട്ടറി, ഇക്കണോമിക് അഫയേഴ്‌സില്‍ സ്‌പെഷ്യല്‍ സെക്രട്ടറി, രാസവളം സെക്രട്ടറി, കേന്ദ്ര റവന്യു സെക്രട്ടറി, ഇക്കോണിക് അഫയേഴ്‌സ് സെക്രട്ടറി എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.