X
    Categories: CultureNewsViews

ഏട്ടന്മാരുടെ കണ്ണീരോര്‍മകളില്‍ അവര്‍ പരീക്ഷയെഴുതി

കാഞ്ഞങ്ങാട്: കൊലക്കത്തിക്കിരയായ സഹോദരങ്ങളുടെ കണ്ണീരോര്‍മകളില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും സഹോദരിമാര്‍ പരീക്ഷയെഴുതി. ശരത് ലാലിന്റെ സഹോദരി അമൃതയും കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയയുമാണ് പ്രിയപ്പെട്ടവരുടെ നഷ്ടത്തിന്റെ ഓര്‍മകള്‍ വിട്ടുമാറുന്നതിന് മുമ്പെ പരീക്ഷാ ഹാളിലെത്തിയത്. ബുധനാഴ്ച രാവിലെ പെരിയ അംബേദ്കര്‍ കോളജില്‍ എം.കോം നാലാം സെമസ്റ്റര്‍ വിഷയമായ സെക്യൂരിറ്റി അനാലിസ് കോര്‍ട്ട് പോളിയോ മാനേജ്‌മെന്റ് പരീക്ഷയെഴുതാന്‍ അമൃതയും പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതാന്‍ കൃഷ്ണപ്രിയയും എത്തിയപ്പോള്‍ ഇരുവരുടെയും സഹപാഠികള്‍ സമാശ്വാസവുമായെത്തി.
പഠിക്കാന്‍ മിടുക്കിയായ അമൃതയുടെ ഗുരുവും വഴികാട്ടിയും എഞ്ചിനീയറിംഗ് ബിരുദധാരിയായ ജേഷ്ടന്‍ ശരത്‌ലാലായിരുന്നു. ശരത്തിനെ അമൃതയും കൂട്ടുകാരികളുമൊക്കെ ജോഷിയേട്ടാ എന്നാണ് വിളിച്ചിരുന്നത്. കൊല്ലപ്പെടുന്നതിന്റെ തലേദിവസം രാത്രി ഏറെ നേരം അമൃതക്ക് ജോഷിയേട്ടന്‍ പാഠങ്ങള്‍ പറഞ്ഞുകൊടുത്തു. പുലര്‍ച്ചെ അഞ്ചുമണിക്ക് നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിച്ചും അമൃതക്ക് ഏട്ടന്‍ ട്യൂഷന്‍ നല്‍കി. വീട്ടില്‍ ഏട്ടന്റെ വല്ലാത്ത കരുതലിലായിരുന്നു അനുജത്തി അമൃത. അമൃതയുടെ മാത്രമല്ല മാതൃ സഹോദരി പുത്രിക്കും കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ ഉള്‍പ്പെടെയുള്ള മറ്റു വിദ്യാര്‍ത്ഥിനികള്‍ക്കും ശരത്‌ലാല്‍ ക്ലാസെടുക്കുമായിരുന്നു.
പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം അംഗമായ കൃഷ്ണപ്രിയയും പഠിക്കാന്‍ ഏറെ മിടുക്കിയാണ്. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് പോളിടെക്‌നിക് പഠനം പാതി വഴിയില്‍ നിര്‍ത്തേണ്ടി വന്ന കൃപേഷിന്റെ സ്വപ്‌നവും അനുജത്തി കൃഷ്ണപ്രിയയിലായിരുന്നു. ഏട്ടന്മാരുടെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടുന്ന മനസുമായാണ് അമൃതയും കൃഷ്ണപ്രിയയും ബുധനാഴ്ച രാവിലെ പരീക്ഷയെഴുതാനെത്തിയത്.
ഇരുവരും കൊല്ലപ്പെട്ട ശേഷം വീട്ടിലെത്തിയ നേതാക്കളും വേണ്ടപ്പെട്ടവരുമൊക്കെ കണ്ണീരില്‍ മുങ്ങിക്കഴിഞ്ഞ സഹോദരിമാരോട് പഠനം തുടരണമെന്നും പരീക്ഷ എഴുതണമെന്നും സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചിരുന്നു. പെരിയ അംബേദ്കര്‍ കോളജിലെ അമൃതയുടെ പഠനം പൂര്‍ണമായും കോളജ് ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി സൗജന്യമാക്കുകയും ചെയ്തിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം ജോലി നല്‍കാനുള്ള സന്നദ്ധത കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പാലക്കി സി കുഞ്ഞാമദ് ഹാജി വീട്ടിലെത്തി അറിയിക്കുകയും ചെയ്തിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: