ദുബൈ: വിടവാങ്ങിയ ദുബൈ ഉപഭരണാധികാരിയും യുഎഇ ധന-വ്യവസായ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഭൗതികശരീരം ഖബറടക്കി. സാബീല്‍ പള്ളിയില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഉമ്മു ഹുറൈര്‍ ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷിദ് അല്‍ മക്തൂം, മക്തൂം കുടുംബത്തിലെ മറ്റ് അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. അന്തരിച്ച ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന് വേണ്ടി എല്ലാ പള്ളികളിലും ഇന്ന് രാത്രി പ്രത്യേക പ്രാര്‍ത്ഥന നടത്തും.

ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈയില്‍ 10 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.