X

ചരിത്രം രചിച്ചും വെല്ലുവിളികള്‍ അതിജീവിച്ചും ശൈഖ് തമീന്റെ 10 വര്‍ഷങ്ങള്‍

അശ്റഫ് തൂണേരി

ദോഹ: ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഖത്തര്‍ അമീറായി പത്തു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കടന്നുപോയത് ചരിത്ര വിജയങ്ങളിലൂടെയും അതിജീവന വഴികളിലൂടെയും. 2013 ജൂണ്‍ 25 നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധികാരമേറ്റത്. 2022-ല്‍ അറബ് മേഖലയില്‍ ആദ്യമായി ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചു സംഘാടനം അവിസ്മരണീയമാക്കിയ അദ്ദേഹം ലോകോത്തര നിലവാരത്തിലേക്ക് ഖത്തറിന്റെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ വികസിപ്പിച്ചത് പുതിയൊരു മുന്നേറ്റമായി. അറബ് മേഖലയേയും മധ്യപൂര്‍വ്വ ഏഷ്യയേയും ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ ഗള്‍ഫ് ഉപരോധം, കോവിഡ് മഹാമാരി എന്നിയെല്ലാം സധൈര്യം നേരിട്ട അമീര്‍ രാജ്യത്തെ സ്വാശ്രയത്വത്തിലേക്ക് നയിച്ചു.

2017 ല്‍ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച് അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധമായിരുന്നു അമീര്‍ എന്ന നിലയില്‍ നേരിട്ട പ്രധാന വെല്ലുവിളി. ഒരു നിലക്കും സ്വദേശികളും വിദേശികളുമായ ജനങ്ങളെ ബാധിക്കാതെ ഉപരോധം നേരിട്ട് ശൈഖ് തമീം ജനനായകന്‍ ആയി മാറി. ഭക്ഷ്യ മേഖലയില്‍ ഉള്‍പ്പെടെ പ്രാദേശിക ഉത്പാദനവും കൃഷിയും വര്‍ധിപ്പിച്ചു. ലോക രാജ്യങ്ങളില്‍ നിന്ന് നേരിട്ട് ഇറക്കുമതി സാധ്യമാക്കാന്‍ പുതിയ ഹമദ് തുറമുഖം സര്‍വ്വ സജ്ജമാക്കി. പല മേഖലകളിലും ഖത്തര്‍ സ്വയംപര്യാപ്തത കൈവരിച്ചു.

ഉപരോധം ഉണ്ടായിട്ടുപോലും നയതന്ത്ര നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ആവര്‍ത്തിച്ചു.കോവിഡ് ചികിത്സയും വാക്‌സിനും സൗജന്യമായി നല്‍കിയ ഖത്തര്‍ ലോകത്ത് ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തിയ രാജ്യമായി. രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ ശാസ്ത്രീയമായി സമയ ബന്ധിത കര്‍മ്മ പരിപാടികള്‍ നടത്തി. അറബ് അസഹിഷ്ണുത മാധ്യമ വിമര്‍ശനങ്ങളായി ലോക കപ്പിന് മുമ്പും മത്സര സന്ദര്ഭങ്ങളിലും പുറത്തുവന്നപ്പോള്‍ അവയും തികഞ്ഞ പക്വതയോടെയാണ് ഖത്തര്‍ നേരിട്ടത്.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നായി റാങ്കിംഗില്‍ ഇപ്പോഴുള്ള ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 2014-ല്‍ ഔദ്യോഗികമായി തുടങ്ങി. പിന്നീട് അത് വിപുലീകരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ‘ഗ്രീന്‍ഫീല്‍ഡ്’ തുറമുഖ-വികസന പദ്ധതിയായ ഹമദ് തുറമുഖം 2016-ല്‍ ഉദ്ഘാടനം ചെയ്തു. 2019-ല്‍,അത്യാധുനിക സൗകര്യങ്ങളോടെയുള്ള ദോഹ മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.10 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള, 1,800,000 സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അല്‍ഖര്‍സ സോളാര്‍ പവര്‍ പ്ലാന്റ് 2020 ല്‍ തുടക്കമിട്ടു. ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍ മുമ്പനായ ഖത്തര്‍ സമ്പത്തിലും ലോക മേല്‍ക്കോയ്മ നിലനിര്‍ത്തിയിരുന്നു. ഉപരോധ കാലത്ത് പോലും സാമ്പത്തിക വളര്‍ച്ച കൈവരിച്ച ഖത്തര്‍ 2017-ല്‍ ഏകദേശം 43 ബില്യണ്‍ ഡോളറാണ് ബാങ്കുകളിലേക്ക് നിക്ഷേപിച്ചത്.

ഇതിനകം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്.ഡി.ഐ) സുരക്ഷിത കേന്ദ്രമായി മാറിയ ഖത്തര്‍ 2019 നും 2022 നും ഇടയില്‍ 70 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2021-ല്‍ ആദ്യമായി ഷൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യത്തിന് ശക്തി പകര്‍ന്ന അമീര്‍ ആഫ്രിക്കയിലെ ഉള്‍പ്പെടെ പല ലോക രാജ്യങ്ങളിലും നയതന്ത്ര പരിഹാരത്തിന് ശ്രമങ്ങള്‍ നടത്തി. അഫ്ഘാന്‍ പ്രതിസന്ധി ഉടലെടുത്തപ്പോള്‍ അമേരിക്കന്‍ പൗരന്മാരെ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരെ പ്രത്യേക വിമാനങ്ങള്‍ വഴി രക്ഷപെടുത്തി. ഇത്തരം ഏറെ ദൗത്യങ്ങള്‍ക്കും വികസന മുന്നേറ്റങ്ങള്‍ക്കും നേതൃത്വം വഹിച്ച 10 വര്‍ഷങ്ങളാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം പിന്നിട്ടത്.

 

webdesk11: