X

ഉപതെരഞ്ഞെടുപ്പ് പരാജയം : ബി.ജെ.പിയെ കുത്തിനോവിച്ച് ശിവസേന

ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ ബി.ജെ.പിയെ കുത്തിനോവിച്ച് ശിവസേന. കര്‍ഷക ആത്മഹത്യ, തൊഴിലില്ലായ്മ, അഴിമതി, ദാരിദ്ര്യം, തുടങ്ങി ഒട്ടേറെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് പകരം ലോകനേതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിനും അവരെ വിനോദസഞ്ചാരത്തിനു കൊണ്ടുപോകുന്നതിനുള്ള തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സാധാരണ ജനങ്ങളുടെ പ്രശന്ങ്ങളില്‍ പ്രധാനമന്ത്രിക്കു യാതൊരു താല്‍പര്യവുമില്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അവര്‍തന്നെ പരിഹരിക്കണമെന്നാണു അവര്‍ ചിന്തിക്കുന്നതെന്നും അതിനുള്ള തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്നും ശിവസേനയുടെ മുഖ്യപത്രമായ സാമ്‌ന മുഖപ്രസംഗത്തില്‍ പറയുന്നു.

ബീഹാറിലും ഉത്തര്‍പ്രദേശിലും ബിജെപിക്കു നേരിട്ട തിരിച്ചടി പ്രതിപക്ഷത്തിനു കൂടുതല്‍ ഉണര്‍വ് നല്‍കാനായിട്ടുണ്ട്. ബി.ജെ.പിക്കു വോട്ട് നല്‍കി കുടുക്കിലായെന്ന് ജനങ്ങള്‍ മനസിലാക്കിയിരിക്കുന്നു. മിന്നലാക്രമണം നടത്തിയിട്ടും പാകിസ്താന്റെ മനോഭാവത്തില്‍ മാറ്റമില്ല. ഇതെല്ലാം മോദി സര്‍ക്കാരിന്റെ വീഴ്ചയാണു കാണിക്കുന്നതെന്നും സാമ്‌നയില്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലിത്തിലം ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടേയും മണ്ഡലത്തിലാണ് സമാജ്‌വാദി പാര്‍ട്ടിയോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്. കഴിഞ്ഞ അഞ്ച് തവണ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച ഖൊരക്പൂര്‍ മണ്ഡലത്തില്‍ സമാജ്പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഫുല്‍പുരില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പട്ടേലിന്റെ വിജയം അരലക്ഷത്തിലധികം വോട്ടുകള്‍ക്കായിരുന്നു. യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ മണ്ഡലമാണ് ഫുല്‍പൂര്‍. ബിഹാറില്‍ ആര്‍.ജെ.ഡിയുവിനോടായിരുന്നു ബി.ജെ.പിയുടെ തോല്‍വി.

മുന്‍കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കായി ഒരുക്കിയ അത്താഴവിരുന്നിനേയും ശിവസേന പരിഹസിച്ചു. അത്താഴവിരുന്നുകൊണ്ട് മാത്രം ബി.ജെ.പിക്കെതിരെ മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിനു കഴിയില്ല. ശക്തനായ നേതാവും ശക്തമായ നിലപാടുകളുമാണ് രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

chandrika: