X

സാമൂഹ്യവിരുദ്ധര്‍ കട തകര്‍ത്തിട്ട് എട്ടു മാസം; പ്രതികളെ ഇനിയും പിടികൂടിയില്ല

സാമൂഹ്യവിരുദ്ധര്‍ കട തകര്‍ത്തിട്ടു എട്ടു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. 25 വര്‍ഷമായി മലപ്പുറം മക്കരപ്പറമ്പില്‍ ന്യൂ കിംഗ് ടയേഴ്‌സ് സ്ഥാപനം നടത്തിവരികയായിരുന്ന ചൊക്ലി സ്വദേശി പറമ്പന്റവിട സജീവിന്റെ കടയാണ് തകര്‍ത്തത്. 2022 ജൂണ്‍ 25 ന് രാത്രിയില്‍ കടയുടെ പിറകിലെ റിസോളിംഗ് യൂണിറ്റാണ് അജ്ഞാതര്‍ തകര്‍ത്തത്. ഇതേത്തുടര്‍ന്നു പത്തു ലക്ഷം രൂപയുടെ മുകളിലാണ് നഷ്ടമുണ്ടായത്. ടൂവീലര്‍ മുതല്‍ ഹെവി വെഹിക്കിള്‍ റിസോളിംഗ് യൂണിറ്റ്, ഉപകരണങ്ങള്‍, ബോയിലര്‍ യൂണിറ്റ് എന്നിവ നശിപ്പിച്ചു. തുടര്‍ന്നു സജീവ് പരാതി നല്‍കിയെങ്കിലും എട്ടു മാസം കഴിഞ്ഞിട്ടും മങ്കട പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല.

ഇതുസംബന്ധിച്ചു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്നു സജീവന്‍. ആകെ ലഭിച്ചത് മക്കരപ്പറനമ്പിലെ വ്യാപാരികളുടെ 10,000 രൂപയും ടയര്‍ റീ ത്രഡിംഗ് അസോസിയേഷന്‍ 10,000 ടയര്‍ പഞ്ചര്‍ അസോസിയേഷന്‍ 5,000 രൂപയുടെയും സഹായം മാത്രമാണ്. പഞ്ചായത്തിന്റെ ലൈസന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്നതാണ് സ്ഥാപനം. യന്ത്രോപകരണങ്ങള്‍ വായ്പയെടുത്താണ് സ്ഥാപിച്ചത്.

കോവിഡിന് ശേഷം ഒരു വിധം സ്ഥാപനം മെച്ചപ്പെട്ടു വരുമ്പോഴാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. റീ ത്രഡിംഗ് പ്രവൃത്തികള്‍ പൂര്‍ണമായും നിലച്ചതോടെ വരുമാനം മുക്കാല്‍ ഭാഗവും ഇല്ലാതായി. ഇപ്പോള്‍ പഞ്ചര്‍ വര്‍ക്ക് മാത്രം ചെയ്താണ് കട മുന്നോട്ടു പോകുന്നതെന്നു സജീവന്‍. ഭാര്യയും രണ്ടു കുട്ടികളടക്കം മക്കരപ്പറമ്പില്‍ വാടകയ്ക്കാണ് ഇയാള്‍ താമസിക്കുന്നത്. കുറെ കാലം കട ഇന്‍ഷ്വറന്‍സ് ചെയ്തിരുന്നുവെങ്കിലും കോവിഡിന് ശേഷം പുതുക്കിയിരുന്നുമില്ല. കണ്ണൂരില്‍ നിന്നു 30 വര്‍ഷം മുന്പ് തിരൂരില്‍ ടയര്‍ പണിക്ക് എത്തുകയും പിന്നീട് മക്കരപ്പറമ്പില്‍ പഞ്ചര്‍ കടയിട്ട് ഉപജീവനം നടത്തി വരികയായിരുന്നു സജീവ്.

 

webdesk14: