X

ഓണം കഴിഞ്ഞാല്‍ പട്ടിണി കിടക്കണോ

അബ്ദുറഹിമാന്‍ രണ്ടത്താണി

സര്‍ക്കാറിന്റെ പ്രഥമ പരിഗണന ദാരിദ്ര്യത്തില്‍നിന്ന് ജനങ്ങള്‍ക്ക് മോചനം കൊടുക്കലാകണം. സ്വതന്ത്ര ഭാരതത്തില്‍ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഏറ്റെടുത്ത മാതൃക അതായിരുന്നു. ഇന്ത്യയുടെ ധാന്യകൂടാരം എന്നു വിശേഷിപ്പിച്ചിരുന്ന പഞ്ചാബിലെ ഗോതമ്പ് വയലുകള്‍ വിഭജനാന്തരം ഇന്ത്യക്ക് വിനഷ്ടമായപ്പോള്‍ രാജ്യം വലിയ ദാരിദ്ര്യം അഭിമുഖീകരിക്കേണ്ടിവന്നു. ബക്രാനംഗല്‍ അണക്കെട്ടടക്കം പണിത് ഊഷരഭൂമിയില്‍ ജലമെത്തിച്ച് കാര്‍ഷിക പുരോഗതിയിലൂടെ സമ്പല്‍ സമൃദ്ധമായ ഇന്ത്യ കെട്ടിപ്പടുത്തു. ഇന്ന് മൊത്തം ജനസംഖ്യയുടെ അമ്പത്തിനാലു ശതമാനത്തോളം കാര്‍ഷിക വൃത്തിയെ ഉപജീവനമാക്കിയവര്‍ ജീവിക്കുന്ന നാടാണിത്.

കേരളം ആവശ്യമുള്ള അരിയുടെ 14 ശതമാനം മാത്രമാണു ഉത്പാദിപ്പിക്കുന്നത്. ബാക്കിയത്രയും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കണം. നിത്യോപയോഗ സാധനങ്ങളുടെ സ്ഥിതിയും അതു തന്നെയാണു. അതതു കാലങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കര്‍ഷകരില്‍ നിന്ന് കൈമാറി വ്യാവസായിക ഉത്പന്നമായി മാറുന്നതോടെ അതിനു വില നിശ്ചയിക്കാനുള്ള പരമാധികാരം കോര്‍പറേറ്റുകളില്‍ നിക്ഷിപ്തമായിരിക്കുന്നു. ഇതിനു കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ വിപണിയില്‍ കാര്യക്ഷമമായി ഇടപെട്ട് പരിഹാരം കാണുക തന്നെ വേണം. ഇനി വിലക്കയറ്റമുണ്ടാവില്ല എന്ന പ്രഥമ പ്രഖ്യാപനത്തോടെ അധികാരമേറ്റെടുത്ത കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ സംസ്ഥാനം എത്തിനില്‍ക്കുന്ന വിലക്കയറ്റത്തിന്റെ ദുരിതം തിരിച്ചറിയാതെ പോകരുത്.

റേഷന്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ മുന്‍ഗണന പട്ടികയില്‍പെടാതെ പോയവരിലേറെയും യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യത്തിന്റെ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ്. പ്രവാസിയായിരുന്ന കാലത്തോ അല്ലെങ്കില്‍ പരസഹായത്താലെയോ ഒരാള്‍ നിര്‍മിച്ച വീടിന്റെ വിസ്തീര്‍ണ്ണം 1000 സ്‌ക്വയര്‍ ഫീറ്റിനു മുകളിലായാല്‍ അവന്‍ ധനികരുടെ പട്ടികയിലാണു. ഇങ്ങിനെ മാനുഷിക പരിഗണനകളില്ലാതെ ഒട്ടേറെ മാനദണ്ഡങ്ങള്‍ പേറുന്നവര്‍ ഏറെ പ്രയാസപ്പെടുകയാണ്. നിത്യരോഗികളായ ഒരുപാടു പേര്‍ ഇവര്‍ക്കിടയിലുണ്ട്. പ്രവാസി എന്ന മുദ്ര കുത്തി മാറ്റിനിര്‍ത്തപ്പെട്ട പലരും വിദേശത്ത് ജീവിക്കാന്‍ മര്‍ഗമില്ലാതെ റൂമില്‍ കഴിയുന്നവരാണ്. ഇവര്‍ ഈ കാര്‍ഡ് തിരുത്താതെ റേഷന്‍ വാങ്ങിയാല്‍ ഒരു കിലോ അരിക്കു 30 രൂപയോളം സര്‍ക്കാറിനു വില നല്‍കണം. ഈ വിലനിലവാരം താരതമ്യം ചെയ്താല്‍ പൊതു വിപണിയുടെ വില കിട്ടും.

ഒരു കിലോക്ക് 38 രൂപ വിലയുണ്ടായിരുന്ന ജയ അരിക്ക് 62 രൂപയിലധികം വിലയായി കഴിഞ്ഞു. ബ്രാന്റഡ് അരി കിട്ടണമെങ്കില്‍ കിലോക്ക് 67 രൂപ നല്‍കണം. കിലോക്ക് 32 രൂപ വിലയുണ്ടായിരുന്ന ഗോതമ്പിനു പോലും 38 രൂപയായി. ഭക്ഷ്യ വസ്തുക്കള്‍ക്ക് മൂന്നിരട്ടി വില വര്‍ധനവെന്നത് ഇപ്പോള്‍ വിമര്‍ശനാത്മക പ്രയോഗമല്ല. 30 രൂപ വിലയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് ഇപ്പോള്‍ 90 രൂപയാണ്. രണ്ടു മാസം മുമ്പ് 35 രൂപയുണ്ടായിരുന്ന ബീന്‍സിനു 80 രൂപയിലധികം കൊടുക്കണം. പച്ചക്കറിയുത്പന്നങ്ങള്‍ മാത്രമല്ല പലവ്യഞ്ജനങ്ങള്‍ക്കും തീപിടിച്ച വിലയാണ്. വറ്റല്‍ മുളക് 150 രൂപയില്‍ നിന്ന് 300 രൂപയിലധികമായി വില വര്‍ധിച്ചു കഴിഞ്ഞു. കേരളത്തില്‍ 92.88 ലക്ഷം റേഷന്‍ കര്‍ഡുടമകളുണ്ടെങ്കിലും ഇതില്‍ 10 ശതമാനം പേര്‍ക്ക് മാത്രമാണ് സര്‍ക്കാറിന്റെ സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭിക്കുക. നിത്യേന കുളിക്കുന്ന മലയാളിയുടെ വെടിപ്പും വൃത്തിയും വരെ നിയന്ത്രിക്കേണ്ടിവരും. 6 മാസം മുമ്പ് 40 രൂപയുണ്ടായിരുന്ന ബ്രാന്റഡ് സോപ്പുകള്‍ക്ക് പോലും 80 രൂപ വിലയായിട്ടുണ്ട്.

നിര്‍ലോഭം മദ്യശാലകള്‍ തുറന്ന് ജനങ്ങളെ ലഹരിക്കടിമകളാക്കി യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്ന് സര്‍ക്കാര്‍ ശ്രദ്ധമാറ്റുകയാണ്. ഒരു നേരത്തെ വിശപ്പടക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് മാന്യമായ വിലയില്‍ അത് ലഭ്യമാക്കി കൊടുക്കാനുള്ള സാമാന്യ ബാധ്യത നിര്‍വഹിക്കാന്‍ സര്‍ക്കാറിനാവണം. പൊതു വിപണി നിയന്ത്രിക്കപ്പെടാനാവുന്നത് വരെ സബ്‌സിഡി നിരക്കില്‍ അരിയും നിത്യോപയോഗ സാധനങ്ങളും റേഷന്‍ ഷോപ്പില്‍ നിന്ന് മുന്‍ഗണന കാര്‍ഡ് മാനദണ്ഡമില്ലാതെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. യു.കെയില്‍ വിലക്കയറ്റത്തെകുറിച്ച് സി.പി.എം മുഖപത്രം ഗവേഷണം നടത്തുകയാണ്. തലക്കു തീപിടിച്ചു നില്‍ക്കുമ്പോള്‍ മലക്ക് തീപിടിച്ചത് ചൂണ്ടിക്കാണിക്കുന്ന ഈ നാടകം ഇടതുസര്‍ക്കാര്‍ ഉപേക്ഷിക്കണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കണക്കെടുത്ത് ദേശീയ ശരാശരിയില്‍ വിലക്കയറ്റം നിയന്ത്രിച്ചവരില്‍ മുന്നില്‍ കേരളമാണെന്ന് മേനി നടിക്കുന്നവര്‍ കേരളത്തില്‍ ഈ വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ വില വര്‍ധനവിന്റെ സത്യാവസ്ഥ പ്രസിദ്ധീകരിക്കണം. വില നിയന്ത്രിക്കാന്‍ ആന്ധ്രപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രി കെ.വി നാഗേശ്വര റാവു വരുന്നെന്ന് വിളിച്ചുകൂവുകയും ഞങ്ങള്‍ ഇന്ത്യയില്‍ ഒന്നാമന്മാരാണെന്നു മേനി പറയുകയും ചെയ്യുന്ന നാടകം നിര്‍ത്തണം. ചില്ലറ വിപണിയെ ആധാരമാക്കിയുള്ള വിലക്കയറ്റ തോത് ആര്‍.ബി.ഐ നിശ്ചയിച്ച ഉയര്‍ന്ന പരിധിയായ 6 ശതമാനത്തിനു മുകളില്‍ നില്‍ക്കുമ്പോഴാണ് ദേശീയ ശരാശരിയുടെ വീമ്പ് പറയുന്നതെന്ന് വിസ്മരിക്കരുത്. പാചകവാതകത്തിന്റെ ക്രമാതീതമായ വിലവര്‍ധനവും നിലവിലുണ്ടായിരുന്ന സബ്‌സിഡി പിന്‍ വലിച്ചതും ജനങ്ങളെ പ്രയാസത്തിലാഴ്ത്തിയിരിക്കുന്നു. ഓണം കഴിഞ്ഞാല്‍ പിന്നെ പട്ടിണി കിടക്കട്ടെ എന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതു തിരുത്തുക തന്നെ വേണം.

web desk 3: