കൊച്ചി: ഗായിക മഞ്ജുഷ മോഹന്‍ദാസ് (27)അന്തരിച്ചു. ഒരാഴ്ച മുന്‍പുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നു. പെരുമ്പാവൂര്‍ വളയം ചിറങ്ങര സ്വദേശിനിയാണ്. കാലടി ശ്രീശങ്കരയിലെ നൃത്ത ഗവേഷണ വിദ്യാര്‍ഥി കൂടിയാണ് മഞ്ജുഷ.

കാലടിയില്‍ കള്ളുമായി വന്ന മിനി ലോറി സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം നടന്നത്. മജ്ഞുഷക്കൊപ്പം കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മറ്റൊരു വിദ്യാര്‍ഥിനിയായ അഞ്ജനക്കും പരിക്കേറ്റിരുന്നു. ലോറി ഇടിച്ചതിനെ തുടര്‍ന്ന് മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

ഏഷ്യാനെറ്റ് സംഘടിപ്പിച്ച ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പരിപാടിയില്‍ മഞ്ജുഷ പങ്കെടുത്തിട്ടുണ്ട്. നിരവധി സംഗീത ആല്‍ബങ്ങളില്‍ പാടുകയും ഭക്തിഗാന ആല്‍ബങ്ങളില്‍ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഭര്‍ത്താവ് പ്രിയദര്‍ശന്‍. ഒരു വയസായ മകളുണ്ട്.