X

ആഘോഷങ്ങളുടെ പാട്ടുകാരന്‍

ഫൈസല്‍ എളേറ്റില്‍

മാപ്പിളപ്പാട്ടിന്റെ മനോഹരമായ ഈണങ്ങള്‍ സമ്മാനിച്ച പ്രഗത്ഭനായ പാട്ടുകാരനാണ് വിടപറഞ്ഞ പീര്‍ മുഹമ്മദ്. 1970 കള്‍ മുതല്‍ രണ്ടായിരം വരെയുള്ള കാലഘട്ടത്തില്‍ മാപ്പിളപ്പാട്ടിന്റെ ഈണങ്ങള്‍കൊണ്ട് മനസില്‍ മായാപ്രപഞ്ചങ്ങള്‍ സൃഷ്ടിച്ച കൂട്ടത്തിലെ ഗായകരിലെ അവസാനത്തെ കണ്ണിയായിരുന്നു പീര്‍ക്ക. ഈ ശ്രേണിയിലെ പാട്ടുകാരൊക്കെ മരണമടഞ്ഞത് അടുത്ത കാലത്താണ്. 2015 മുതല്‍, കെ.ജി സത്താര്‍ക്ക, രണ്ടത്താണി ഹംസക്ക, ഐഷാബീഗം, മാപ്പിളപ്പാട്ട് എഴുത്തുകാരനായ കെ.ടി മൊയ്തീന്‍, 2018ല്‍ തലശേരിയിലെ എ.എ ഉമ്മര്‍ക്ക, ഹമീദ് സര്‍വാനി, 2019ല്‍ മൂസ എരഞ്ഞോളി, എം. കുഞ്ഞിമൂസക്ക, ഈ വര്‍ഷം മാപ്പിളപ്പാട്ടിന്റെ അതികായനായ വി.എം കുട്ടി മാഷ്… ഏറ്റവും അവസാനം പീര്‍ക്കയും. മാപ്പിളപ്പാട്ടില്‍ പീര്‍ക്കയുടെ സ്ഥാനമെന്താണ് എന്ന് ആലോചിക്കുമ്പോള്‍ മനസില്‍ വരുന്നൊരുപാട് കാര്യങ്ങളുണ്ട്. മാപ്പിളപ്പാട്ടില്‍ വടക്കന്‍ കേരളത്തിന്റെ ഒരാലാപന ശൈലി കൃത്യമായി കൊണ്ടുവന്നവരില്‍ പ്രമുഖനാണ് അദ്ദേഹം. പാട്ടിന്റെ ആലാപന സൗകുമാര്യത്തിന് അങ്ങനെ ചില ശൈലികള്‍ രൂപപ്പെട്ടുവരാറുണ്ട്. പ്രത്യേകിച്ച് തലശേരി, കണ്ണൂര്‍ പോലുള്ള കേന്ദ്രങ്ങളില്‍നിന്ന് വരുന്ന പാട്ടുകളുടെ സ്വാഭാവിക ശൈലി കൃത്യമായി പിന്തുടര്‍ന്ന ഗായകനാണ് പീര്‍ക്ക.

ആഘോഷങ്ങളുടെ പാട്ടുകാരനാണ് പീര്‍ക്ക എന്നു പറയുന്നത് വെറുതെയല്ല. കല്യാണപ്പാട്ടുകളായിരുന്നു അദ്ദേഹത്തെ ഏറെ ജനകീയനാക്കിയത്. തലശേരിയിലെ കല്യാണ വീടുകളില്‍ നടന്ന പാട്ടുപരിപാടികളില്‍ വരന്റെയും വധുവിന്റെയും പേര് വെച്ചെഴുതുന്ന പാട്ടുകള്‍ പിന്നീട് ഗ്രാമഫോണിലേക്ക് റെക്കോഡ് ചെയ്യപ്പെടുകയായിരുന്നു. ‘അഴകേറുന്നോളെ വാ..’ ‘പൂക്കള്‍ വിരിഞ്ഞുനില്‍ക്കും…’പോലുള്ള പാട്ടുകളില്‍ വരന്റെയും വധുവിന്റെയും പേരുണ്ട്. അതൊക്കെ തലശേരിയിലെ പല കല്യാണ വീടുകളിലും നടന്ന ചടങ്ങുകളിലെ വധുവിന്റെയും വരന്റെയും പേരുകളായിരുന്നു. അതാണ് പിന്നീട് ഗ്രാമഫോണിലേക്ക് റെക്കോഡ് ചെയ്യപ്പെട്ടത്. അത് പിന്നീട് മാപ്പിളപ്പാട്ട് ആസ്വാദകര്‍ ഏറ്റെടുക്കുകയായിരുന്നു.

ഏറ്റവും കൂടുതല്‍ ഹിറ്റായ പാട്ടുകളൊക്കെ പീര്‍ക്കയുടെ പാട്ടുകളാണ്. ഇന്നും മാപ്പിളപ്പാട്ട് പരിപാടികള്‍ എവിടെയൊക്കെ നടക്കുന്നുവോ അവിടെയൊക്കെ പീര്‍ക്കയുടെ ഒന്നോ രണ്ടോ പാട്ടെങ്കിലും പാടാതിരിക്കില്ല. ‘അഴകേറുന്നോളെ വാ..’ ‘പൂക്കള്‍ വിരിഞ്ഞുനില്‍ക്കും.. ‘ ‘പടവാള് മിഴിയുള്ളോളെ..’ ‘അനര്‍ഘ മുത്തുമാല..’ ‘മലര്‍കൊടിയെ ഞാനെന്നും..’ ഇതെല്ലാം കല്യാണ വീടുകളില്‍ ആവശ്യപ്പെടുന്ന പാട്ടുകളാണ്. ഭക്തിഗാനങ്ങളും മറ്റു ഗാനങ്ങളുമൊക്കെ പീര്‍ക്ക വളരെ കുറച്ചേ പാടിയിട്ടുള്ളൂ. ഇപ്പോഴും പീര്‍ക്ക എന്നു പറയുമ്പോള്‍ മനസില്‍ വരുന്നത്, ഇത്തരം കല്യാണപ്പാട്ടുകള്‍ തന്നെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ആഘോഷങ്ങളുടെ പാട്ടുകാരന്‍ എന്നു പറയുന്നത്. എന്നാല്‍ ഇതിനപവാദമായി ‘കാഫ് മല കണ്ട പൂങ്കാറ്റേ…’ ‘തിരു സഭാ തളിര്‍.. ‘ പോലുള്ള പാട്ടുകള്‍ മറ്റു രീതിയില്‍ പാടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ പ്രശസ്തനാക്കിയത് കല്യാണപ്പാട്ടുകള്‍ തന്നെയാണ്.

ഈ പാട്ടുകള്‍ക്കപ്പുറം പീര്‍ക്ക ചെയ്തുവെച്ച വലിയ അത്ഭുതങ്ങളുണ്ട് പാട്ടുകളില്‍. കവി പി.ടി അബ്ദുറഹിമാനും അദ്ദേഹവും ചേര്‍ന്ന് മാപ്പിളപ്പാട്ട് മേഖലയില്‍ നടത്തിയ വലിയ കാര്യങ്ങള്‍ നിരവധിയാണ്. അതില്‍ ഏറ്റവും പ്രധാനം ലൈലാ മജ്‌നു, ബാല്യകാല സഖി, ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്നീ കാവ്യങ്ങളാണ്. ലൈല മജ്‌നു അനശ്വര പ്രണയമാണ്. അത് പല പാട്ടുകളിലായി മാപ്പിളപ്പാട്ടുകളിലേക്ക് അദ്ദേഹം കൊണ്ടുവന്നു. ബാല്യകാല സഖി മാപ്പിളപ്പാട്ട് രൂപത്തിലാക്കിയിട്ടുണ്ട് ഇരുവരും. മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലിലെ പ്രസിദ്ധമായ പാട്ടാണ് ഹിറ്റായ ‘മഹിയില്‍ മഹാസീന്‍….’ ‘ബദറുല്‍ മുനീറും തോഴിയുമൊക്കെ’. ഇങ്ങനെ ഈ കൂട്ടുകെട്ട് മാപ്പിളപ്പാട്ടുകൊണ്ട് പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മാപ്പിളപ്പാട്ട് ശാഖയില്‍ ഇത് വലിയ സംഭവം തന്നെയാണ്.

പ്രഗത്ഭരായ എഴുത്തുകാരെക്കൊണ്ട് പാട്ടെഴുതിക്കാന്‍ സാധിച്ചുവെന്നതാണ് പീര്‍ക്കയുടെ ഏറ്റവും വലിയ ഭാഗ്യം. പി.ടി അബ്ദുറഹിമാന്‍, സി.എച്ച് വെള്ളിക്കുളങ്ങര, അസീസ് കൊറാട്ട്, ഒ. അബുമാഷ് തുടങ്ങിയ പാട്ടെഴുത്തുകാരെക്കൊണ്ട് പാട്ടെഴുതിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധാകരായ എ.ടി ഉമ്മര്‍ക്കയുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് വലിയ അത്ഭുതങ്ങള്‍ കാണിച്ചിട്ടുണ്ട്. അതാണ് ‘അഴകേറുന്നോളെ വാ..’ ‘കാഫ് മല പൂങ്കേറ്റേ..’ തുടങ്ങിയ പാട്ടുകള്‍. എ.ടി ഉമ്മര്‍ക്കയുടെ ശിക്ഷണത്തിലും സംഗീത സംവിധാനത്തിലും പാട്ടുകള്‍ പാടാന്‍ കഴിഞ്ഞുവെന്നത് വലിയ ഭാഗ്യമാണ്.

യുഗ്മ ഗാനങ്ങള്‍ക്ക് മാപ്പിളപ്പാട്ടില്‍ അക്കാലം വരെ വലിയ പ്രസക്തിയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ യുഗ്മഗാന ശൈലിക്ക് മാപ്പിളപ്പാട്ടില്‍ തുടക്കംകുറിച്ചത് പീര്‍ക്കയാണെന്ന് പറയാം. പീര്‍ മുഹമ്മദ്-ശൈലജ, പീര്‍ മുഹമ്മദ്-സിബല്ല, പീര്‍ മുഹമ്മദ്-രഞ്ജിനി കൂട്ടുകെട്ടൊക്കെ ഒരുകാലത്ത് മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഇടയില്‍ വലിയ സ്വീകാര്യത ലഭിച്ചതാണ്. ഇപ്പോഴും പീര്‍ മുഹമ്മദ് എന്നു പറയുമ്പോള്‍ അതിനോട് ചേര്‍ത്ത്‌വെച്ച് ശൈലജയെയും സിബല്ലയെയുമൊക്കെ ആളുകള്‍ പറയുന്നതിന് കാരണം അന്ന് ലഭിച്ച ജനകീയത തന്നെയാണ്.

പരിഭവമോ പരാതിയോ ഇല്ലാതെ ജീവിച്ചയാളാണ് പീര്‍ക്ക. വലിയ സൗകര്യമുള്ള തറവാട്ടിലാണ് ജനിച്ചത്. എല്ലാവരെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും പുതിയ തലമുറയിലെ ഗായകരോടൊക്കെ നിഷ്‌കളങ്കമായി പെരുമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ പത്തു പന്ത്രണ്ട് വര്‍ഷമായി പക്ഷാഘാതം പിടിപെട്ട് വീട്ടില്‍ വിശ്രമത്തിലായിരുന്നപ്പോഴും മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായും മറ്റേതു കാര്യങ്ങള്‍ക്കായാലും വിളിക്കുമ്പോഴൊക്കെ അദ്ദേഹം വളരെ സൗമ്യനായി കൃത്യമായി മറുപടി പറഞ്ഞിരുന്നു. തലശേരിയാണ് തന്റെ തട്ടകം എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. തലശേരിയിലെ പല തറവാടുകളിലും നടന്ന പാട്ടുകളാണ് തന്നെ താനാക്കിയത്. ടി.സി ഉമ്മര്‍ക്കയെ പോലുള്ള പ്രമുഖ സംവിധായകരുമായുള്ള കൂട്ടുകെട്ട് തന്റെ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. ആ ഒരു ലോകത്തുനിന്നാണ് മാപ്പിളപ്പാട്ട് മേഖലയിലേക്ക് വന്നത് എന്ന് പറയാന്‍ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. മാപ്പിളപ്പാട്ട് ലോകത്ത് എല്ലാവരോടും ഒരുപോലെ പെരുമാറുകയും എല്ലാവര്‍ക്കും തണലായി നില്‍ക്കുകയും സ്‌നേഹം ചൊരിയുകയും ചെയ്ത പ്രഗത്ഭനായ ഗായകനായിരുന്നു പീര്‍ക്ക. മാപ്പിളപ്പാട്ടെന്ന് പറയുമ്പോള്‍ ഇക്കാലത്തും പലരുടെയും മനസില്‍ വരുന്നത് പീര്‍ക്കയെയാണ്. പ്രൊഫഷണല്‍ പാട്ടുകാരനെന്ന യാതൊരു ജാഡയും അദ്ദേഹത്തിനില്ലായിരുന്നു. പച്ചയായ മനുഷ്യനായാണ് അദ്ദേഹം ജീവിച്ചത്. മുഴപ്പിലങ്ങാട്ടുള്ള വീട്ടില്‍ എപ്പോള്‍ കയറിച്ചെന്നാലും പീര്‍ക്കയുണ്ടാകുമായിരുന്നു ഏത് കാര്യത്തിനും. അദ്ദേഹത്തിന്റെ ഉമ്മ തമിഴ്‌നാട്ടുകാരിയായതിനാല്‍ തന്നെ തമിഴ് പാരമ്പര്യം പാട്ടിന്റെ കാര്യത്തില്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു. പാട്ടിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും അവധാനതയും അദ്ദേഹത്തിനുണ്ടായിരുന്നു. അതുതന്നെയാണ് പീര്‍ മുഹമ്മദ് എന്ന പാട്ടുകാരനെ വ്യത്യസ്തനാക്കുന്നത്. മാപ്പിളപ്പാട്ടിന്റെ വലിയ ശബ്ദമാണ് മായുന്നത്. അപ്പോഴും ആശ്വാസമാകുന്നത്, പാട്ട് മേളകള്‍ എവിടെ നടക്കുന്നുവോ അവിടെയൊക്കെ പീര്‍ക്കയുടെ പാട്ടുകളുണ്ട് എന്നതാണ്. അങ്ങനെ ശബ്ദത്തിലൂടെ അദ്ദേഹം ഇനിയും നമുക്കിടയില്‍ ജീവിക്കും.

 

 

adil: