X

ഹൂതികള്‍ക്കെതിരായ ദൗത്യത്തിനിടെ സൈനികരെ കാണാതായി; സ്ഥിരീകരിച്ച് യുഎസ്‌

ഹൂതികൾക്കെതിരായ ദൗത്യത്തിൽ പങ്കെടുത്ത നാവികരെ കാണാതായെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ സൈന്യം. ഇറാനില്‍നിന്ന് ഹൂതികൾക്കുള്ള ആയുധങ്ങളുമായി എത്തിയ കപ്പൽ പിടിച്ചെടുത്ത ഓപ്പറേഷനിലെ അംഗങ്ങളെയാണ് കാണാതായതെന്ന് അമേരിക്ക.

ജനുവരി 11ന് രാത്രി നടത്തിയ ദൗത്യത്തിനിടെയാണ് കടലില്‍ വീണ രണ്ട് നേവി സീലുകളെ സൊമാലിയന്‍ തീരത്ത് കാണാതാകുന്നത്. ഇരുവരേയും കണ്ടെത്താനുള്ള തിരച്ചിൽ തുടർന്നു കൊണ്ടിരിക്കുകയാണെന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി മൈക്കല്‍ കുറില്ല പറഞ്ഞു.

ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനു മറുപടിയായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ച് അമേരിക്കയും യുകെയും രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ യുഎസും യുകെയുമായി ബന്ധപ്പെട്ട കപ്പലുകൾക്കെതിരെയുള്ള ആക്രമണങ്ങൾ ഹൂതികൾ വീണ്ടും ആരംഭിച്ചിരുന്നു.

ഏദന്‍ ഉള്‍ക്കടലില്‍ നടത്തിയ ദൗത്യത്തിനിടെയാണ് ഉയര്‍ന്ന തിരമാലകള്‍ കാരണം ഒരു നേവി ഉദ്യോഗസ്ഥനെ കാണാതാകുന്നത്. അയാളെ രക്ഷിക്കാന്‍ ചാടിയ രണ്ടാമത്തെ നേവി ഉദ്യോഗസ്ഥനും അപകടത്തിൽ പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട സഹപ്രവര്‍ത്തകനെ സഹായിക്കാനുള്ള നേവി സീല്‍ പ്രോട്ടോക്കോളിന്റെ ഭാഗമാണിത്. തുടര്‍ന്നാണ് രണ്ടുപേരെയും കാണാതാകുന്നത്.

ജനുവരി 16ന് ചൊവ്വാഴ്ച അറബിക്കടലില്‍ ഒരു കപ്പലിൽ നിന്ന് ഹൂതികൾക്കായുള്ള ഇറാന്‍ നിര്‍മിത മിസൈല്‍ ഭാഗങ്ങള്‍ പിടിച്ചെടുത്തതായി അമേരിക്കൻ സൈന്യം അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം തുടങ്ങിയതിന് ശേഷം ഇത്തരമൊരു ഓപ്പറേഷന്‍ നടത്തുന്ന ആദ്യത്തെ സംഭവമാണിത്.

പിടിച്ചെടുത്തവയില്‍ പ്രൊപ്പല്‍ഷന്‍, ഗൈഡന്‍സ് സംവിധാനങ്ങള്‍, ഹൂത്തി മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ (എംആര്‍ബിഎം), കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ (എഎസ്സിഎം) എന്നിവ ഉള്‍പ്പെടുന്നതായി അമേരിക്കൻ സൈന്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യോമ പ്രതിരോധ ഘടകങ്ങളും പിടിച്ചെടുത്തവയിൽ ഉള്‍പ്പെടുന്നുണ്ട്.

ഹൂതികള്‍ക്കുള്ള ആയുധ കൈമാറ്റം അന്താരാഷ്ട്ര നിയമവും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയവും ലംഘിക്കുന്നതായി സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

ഹൂതികളുടെ ആക്രമണം നിരവധി കപ്പലുകളെയാണ് ലക്ഷ്യം വച്ചത്. നൂറുകണക്കിന് ചരക്ക് കപ്പലുകളും ടാങ്കറുകളും ആക്രമണം ഒഴിവാക്കാൻ ആഫ്രിക്കയുടെ തെക്കേ അറ്റത്തേക്ക് തിരിച്ചുവിടേണ്ടി വന്നു.

ഗാസയിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകൾ മാത്രമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഹമാസിനെ പിന്തുണയ്ക്കുന്ന ഹൂതികൾ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, ഹൂതികൾ ആക്രമിച്ച ചില കപ്പലുകൾക്ക് ഇസ്രയേലുമായി വ്യക്തമായ ബന്ധമില്ല.

ഗാസയിലെ ഇസ്രയേലിന്റെ ഏകപക്ഷീയമായ നടപടി അവസാനിപ്പിക്കുംവരെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുമെന്ന് യെമന്റെ ഭൂരിഭാഗ മേഖലകളും നിയന്ത്രിക്കുന്ന ഹൂതികളുടെ ആഹ്വാനം.

ഹൂതികളുമായി സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അന്താരാഷ്ട്ര വ്യാപാര പാത സംരക്ഷിക്കാനാണ് തിരിച്ചാക്രമണം നടത്തുന്നതെന്നുമാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും വാദം

webdesk13: