ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റഊഫിനെയും മകന്‍ ഹംസ അസ്ഹറിനെയും മറ്റു 44-ഓളം പ്രവര്‍ത്തകരെയും പാക് പ്രവിശ്യ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഇവരെല്ലാം വീട്ടുതടങ്കലിലാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തില്‍ പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ അന്തിമ തീരുമാനമെടുക്കുമെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജെയ്‌ഷെ ഭീകരരെ അറസ്റ്റ് ചെയ്ത വിവരം പാകിസ്ഥാന്‍ ആഭ്യന്തര സഹമന്ത്രിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ഇസ്ലാമാബാദില്‍ വാര്‍ത്താസമ്മേളനം വിളിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. പാക് ഗവണ്‍മെന്റ് തയ്യാറാക്കിയ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോഴത്തെ അറസ്റ്റെന്ന് ആഭ്യന്തര വക്താക്കള്‍ പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് തെളിയിക്കുന്ന വിവരങ്ങള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു. ഈ തെളിവുകള്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റഊഫിനെയും മകന്‍ ഹംസ അസ്ഹറിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. എന്നാല്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ വേണ്ട വിധം ശക്തമല്ല എന്നാണ് പാകിസ്ഥാന്‍ പറയുന്നത്. പുല്‍വാമ ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്ന് തെളിഞ്ഞാല്‍ ഇവരെ വിട്ടയക്കുമെന്ന് പാക് ആഭ്യന്തര സഹമന്ത്രി ഷെഹരിയാര്‍ ഖാന്‍ അഫ്രീദിയും ആഭ്യന്തര സെക്രട്ടറി അസം സുലൈമാന്‍ ഖാനും വ്യക്തമാക്കി.