ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കും. അമ്മയെ അനുഗമിച്ചു കൊണ്ടായിരിക്കും രാഹുലിന്റെ മടക്കം.

സോണിയ ഗാന്ധി ഈ മാസം എട്ടിനാണ് ചികിത്സാവശ്യാര്‍ത്ഥം അമേരിക്കയിലേക്ക് പുറപ്പെട്ടത്. അതേസമയം ചികിത്സയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ വിസമ്മതിച്ചു. സോണിയ ചികിത്സയിലാണെന്ന അറിയിപ്പില്‍ ഒതുക്കുകയാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ റോഡ് ഷോക്കിടെ സോണിയ ഗാന്ധിക്ക് പരിക്ക് പറ്റിയിരുന്നു. അതിനു ശേഷം നടന്ന പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ അപൂര്‍വ്വമായേ സോണിയ എത്താറുള്ളൂ. വിദേശത്തേക്ക് പറക്കും മുമ്പ് മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍, തന്റെ അഭാവത്തില്‍ മകനും കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ടുമായ രാഹുല്‍ ഗാന്ധി പാര്‍ട്ടി കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുമെന്ന് നേതാക്കളെ അറിയിച്ചിരുന്നു.