X

ലോക ഫുട്ബോള്‍ മേളക്ക് ഉണര്‍വ്വേകാന്‍ ഉറങ്ങാതെ സൂഖ് വാഖിഫ്

അശ്റഫ് തൂണേരി

ദോഹ: കാല്‍പ്പന്തുകളിയുടെ ആരവങ്ങളേറ്റുവാങ്ങാന്‍ ഖത്തര്‍ സര്‍വ്വസജ്ജമായി കാത്തിരിക്കുമ്പോള്‍ ദോഹയിലെ പരമ്പരാഗത അങ്ങാടിക്ക് പുത്തനുണര്‍വ്വ്. ലോകഫുട്ബോള്‍ മേളയെ സൂഖ് വാഖിഫ് വരവേല്‍ക്കുന്നത് ഉറങ്ങാതെ. 24 മണിക്കൂറും സജീവമായിരിക്കുമെന്ന് സൂഖ് വാഖിഫ് മാനേജ്മെന്റ് അറിയിച്ചതായി പ്രമുഖ അറബ് ദിനപത്രമായ അശ്ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു.

സൂഖ് വാഖിഫിലെ എല്ലാ കടകളും ഭക്ഷ്യവിഭവ കേന്ദ്രങ്ങളും ഏരിയകളും നവംബര്‍ 1 മുതല്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഫിഫ ലോകകപ്പിനെത്തുന്നവരെ സ്വീകരിക്കാന്‍ അനുയോജ്യമായ യൂണിഫോമുകള്‍ പുതുക്കിയും മെനുവില്‍ വിവിധ ഭക്ഷ്യവിഭവങ്ങള്‍ അധികരിപ്പിച്ചുമാണ് നടത്തിപ്പുകാര്‍ ഒരുക്കങ്ങള്‍ നടത്തിയത്. ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

ഖത്തറിലെ സാംസ്‌കാരിക പൈതൃക അങ്ങാടിയെന്ന നിലയില്‍ പ്രശസ്തമായ, വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ സൂഖ് വാഖിഫിലെ സുഗന്ധവ്യഞ്ജനങ്ങളുടേയും സുഗന്ധദ്രവ്യങ്ങളുടേയും ഗന്ധങ്ങളെ പുല്‍കിയുള്ള നടത്തം പോലും ആകര്‍ഷകം. കൊതിയൂറും അറബ്-ആഗോള വിഭവങ്ങള്‍ രുചിക്കാം. വീട്ടമ്മമാരില്‍ നിന്ന് പൈതൃക പലഹാരങ്ങളും മധുരപലഹാരങ്ങളും വാങ്ങിത്തിന്നാം. ഓര്‍മ്മയ്ക്കായി സുവനീര്‍ ഇനങ്ങള്‍ വാങ്ങാം. ഈത്തപ്പഴങ്ങളുടെ വൈവിധ്യങ്ങള്‍ കാണുകയും വാങ്ങുകയും ആവാം.

ഏതായാലും സൂഖ് വാഖിഫ് ലോകകപ്പ് ടൂര്‍ണ്ണമെന്റിനെത്തുന്നവരുടെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായിരിക്കും. സന്ദര്‍ശകരുടെ എണ്ണം വളരെക്കൂടുതലായിരിക്കുമെന്നതിനാലാണ് മുഴുസമയവും പ്രവര്‍ത്തിക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. അറബ് ലോകത്തും മധ്യപൂര്‍വ്വേഷ്യയിലും ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പ് എന്ന നിലയില്‍ മേഖലയില്‍ നിന്നും പുറം രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശകരുടെ ഒഴുക്ക് തന്നെയുണ്ടാവും.

web desk 3: