X
    Categories: CultureMoreViews

സോഫിയ ലൂയീസിന് ജാമ്യം; പൗരാവകാശം സംരക്ഷിക്കുന്നതില്‍ രാജ്യത്തിന് മാതൃകയായി വീണ്ടും തമിഴ്‌നാട്

ചെന്നൈ: ഒരു വ്യക്തിയുടെ പൗരാവകാശം സംരക്ഷിക്കാന്‍ പോരാടേണ്ടത് എങ്ങനെയെന്നതിന് രാജ്യത്തിന് മാതൃകയായി വീണ്ടും തമിഴ്‌നാട്. കേന്ദ്രസര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ഗവേഷക വിദ്യാര്‍ഥിനി സോഫിയാ ലൂയീസിന് കോടതി ജാമ്യം അനുവദിച്ചു. ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ വിമാനത്തില്‍ വെച്ച് മുദ്രാവാക്യം മുഴക്കിയതിനാണ് കാനഡയിലെ മോണ്‍ട്രിയല്‍ സര്‍വകലാശാലയിലെ ഗവേഷകയായ സോഫിയയെ പൊലീസ് അറസ്റ്റ് ചെയ്തത്.

‘ഫാസിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിച്ച സോഫിയയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സോഫിയയുടെ സമീപത്തിരുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് തമിഴിസൈ സുന്ദര്‍രാജനെ അപമാനിക്കുന്ന രീതിയിലാണ് സോഫിയ മുദ്രാവാക്യം മുഴക്കിയതെന്നാരോപിച്ചാണ് അവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ താന്‍ കേന്ദ്രസര്‍ക്കാറിനെതിരെയാണ് മുദ്രാവാക്യം മുഴക്കിയതെന്ന് സോഫിയ പറഞ്ഞു.

സോഫിയയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയര്‍ന്നത്. മനുഷ്യാവകാശപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും സോഫിയയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി സോഫിയയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇത് പ്രതിഷേധം ശക്തമാവാന്‍ കാരണമായി.

ഒരു ബി.ജെ.പി നേതാവ് ഇത്തരത്തില്‍ പെരുമാറുന്നത് മനസിലാക്കാം. എന്നാല്‍ ഇത്തരമൊരു കേസിന്റെ പേരില്‍ 25 വയസുള്ള ഒരു ഗവേഷക വിദ്യാര്‍ഥിനിയെ 15 ദിവസം റിമാന്‍ഡ് ചെയ്ത ജഡ്ജിയുടെ മനോഗതിയെന്താണ്?-മാധ്യമപ്രവര്‍ത്തകനായ റിഫാത്ത് ജാവേദ് ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലും ശക്തമായ പ്രതിഷേധമാണ് അറസ്റ്റിനെതിരെ ഉയര്‍ന്നത്. സോഫിയയുടെ അറസ്റ്റ് ഫാഷിസ്റ്റ് സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന അവരുടെ നിലപാടിനെ സാധൂകരിക്കുന്നതാണെന്ന് മണിമുഗ്ധ ശര്‍മ, ഹരി മേനോന്‍ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു.

ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും സോഫിയക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കുന്നവരെ മുഴുവന്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫാഷിസ്റ്റ് ഗവണ്‍മെന്റാണ് രാജ്യം ഭരിക്കുന്നത് എന്ന നിലപാട് ശരിവെക്കുന്നതാണ് ഈ അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: