X

അബുദാബിക്ക് പിറകെ ലുലു ഗ്രൂപ്പിലേക്ക് സൗദിയുടെ നിക്ഷേപവും

കൊച്ചി: എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ സൗദിയുടെ നിക്ഷേപം വരുന്നു. സൗദിയുടെ ഉടമസ്ഥതയിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്.) ആണ് നിക്ഷേപത്തിനൊരുങ്ങുന്നത്. ലുലു ഗ്രൂപ്പില്‍ പി.ഐ.എഫ്. എത്ര തുകയാണ് നിക്ഷേപിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായിട്ടില്ല.

നേരത്തെ, അബുദാബിയുടെ ‘എ.ഡി.ക്യു.’വില്‍ നിന്നും ലുലുവിന് മൂലധന നിക്ഷേപമെത്തിയിരുന്നു. ശേഷം ആഴ്ചകള്‍ക്കുള്ളിലാണ് സൗദി കൂടി ലുലുവില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചെയര്‍മാനായുള്ള പി.ഐ.എഫ്. മൊത്തം 36,000 കോടി ഡോളറിന്റെ (ഏതാണ്ട് 26 ലക്ഷം കോടി രൂപ) ഫണ്ടാണ് കൈകാര്യം ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നാണ് ഇത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫണ്ടുകളാണ് സോവറിന്‍ ഫണ്ടുകള്‍. മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്‌ലുംപി.ഐ.എഫിന്റെ ഫണ്ടിങ്ങിനായി ശ്രമിക്കുന്നുണ്ട്.

ലുലു ഗ്രൂപ്പില്‍ പി.ഐ.എഫ്. എത്ര തുകയാണ് നിക്ഷേപിക്കുന്നതെന്നോ എത്ര ഓഹരി വാങ്ങുമെന്നോ അറിവായിട്ടില്ല. അഭ്യൂഹങ്ങളില്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്) വി. നന്ദകുമാര്‍ പറഞ്ഞു.

ഇവയ്ക്കു പിന്നാലെ ഗള്‍ഫ് മേഖലയില്‍നിന്ന് കൂടുതല്‍ മൂലധന നിക്ഷേപം ലുലുവിലേക്ക് എത്തും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണു സൂചന. കോവിഡ് കാലത്ത് വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുന്നത് നേട്ടമാണ്. ലുലു ഗ്രൂപ്പിലും അതിന്റെ ചെയര്‍മാന്‍ എം.എ. യൂസഫലിയിലും ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബങ്ങള്‍ക്കുള്ള വിശ്വാസത്തിനു തെളിവാണ് തുടര്‍ച്ചയായ ഈ ഫണ്ടിങ്.

ഒമ്പതു രാജ്യങ്ങളിലായി 194 ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള ലുലു ഗ്രൂപ്പിന് 15 രാജ്യങ്ങളില്‍ ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളുമുണ്ട്. ഇതിനു പുറമെ വന്‍കിട ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവയും ഗ്രൂപ്പിനുണ്ട്. 55,800 കോടി രൂപയാണ് വാര്‍ഷിക വിറ്റുവരവ്. ഗ്രൂപ്പിലെ 58,000 ജീവനക്കാരില്‍ 30,000 പേരും മലയാളികളാണ്.

chandrika: