യാത്രക്കാരെ മര്‍ദിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണം വന്നതോടെ ഞായറാഴ്ചകളില്‍ ബംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. കൊച്ചുവേളി-കൃഷ്ണരാജപുരം ട്രെയിനാണ് നാളെ മുതല്‍ ഓടിത്തുടങ്ങുക. ബംഗളൂരുവിലേക്കുള്ള സ്വകാര്യ ബസുകളില്‍ യാത്രക്കാരെ ചൂഷണം ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

കല്ലട സുരേഷ് ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തിന് പിന്നാലെ ബാംഗളൂര്‍ യാത്രികര്‍ ദുരിതത്തിലായതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി എ കെ ശശിന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ റെയില്‍വേ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ തീരുമാനമായത്. ട്രെയിന്‍ നാളെ രാവിലെ അഞ്ചിന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 10.42ന് തൃശൂരിലെത്തും. 12ന് പാലക്കാടെത്തും. സ്പെഷ്യല്‍ ട്രെയിനില്‍ സീറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു.